24 December Tuesday
സിപിഐ എം ജില്ലാ സമ്മേളനം

ജനകീയം, ശ്രദ്ധേയം അനുബന്ധ പരിപാടികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024
കോട്ടയം
സിപിഐ എം 24ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾ ബഹുജന പങ്കാളിത്തത്താൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തൊഴിലാളി സംഗമത്തിലും മെഗാ തിരുവാതിരയിലും ചെസ്‌ മത്സരത്തിലുമെല്ലാം വൻ ജനപങ്കാളിത്തമാണുണ്ടായത്. 
യുവജന –-കർഷക –-വനിതാ സംഗമങ്ങൾ ഉൾപ്പെടെ വർഗ –-ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ്‌ ഇനി നടക്കാനുള്ളത്‌. 
27 ന്‌ വൈകിട്ട്‌ അഞ്ചിന്‌ യുവജനസംഗമം കടുത്തുരുത്തിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ കോട്ടയത്ത്‌ നടക്കുന്ന മാധ്യമ സെമിനാർ മുതിർന്ന മാധ്യമപ്രവർത്തകൻ എം വി നികേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ എന്നിവർ പങ്കെടുക്കും. 28ന്‌ രാവിലെ 10ന്‌ ഏറ്റുമാനൂരിൽ വനിതാസംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ പാലായിൽ നടക്കുന്ന കർഷകരുടെ സമരക്കനൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. 
ജോസ്‌ കെ മാണി എംപി പങ്കെടുക്കും. 
വൈകിട്ട്‌ അഞ്ചിന്‌ ഫാസിസ്‌റ്റ്‌ വിരുദ്ധ ജനകീയസംഗമം പൊൻകുന്നം രാജേന്ദ്ര മൈതാനത്ത്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും. മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ പങ്കെടുക്കും.
 30ന്‌ വൈകിട്ട്‌ അഞ്ചിന്‌ ചങ്ങനാശേരിയിൽ വൈക്കം സത്യഗ്രഹ സവർണജാഥയുടെ ശതാബ്‌ദി ആഘോഷം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ പങ്കെടുക്കും. 
31ന്‌ കോട്ടയത്ത്‌ വിദ്യാർഥി സംഗമവും യൂണിയൻ ഭാരവാഹികൾക്ക്‌ അനുമോദനവും സംഘടിപ്പിക്കും. വിദ്യാർഥി സംഗമം എസ്‌എഫ്‌ഐ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ നീതീഷ്‌ നാരായണൻ ഉദ്‌ഘാടനംചെയ്യും. 
യൂണിയൻ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ അനുമോദിക്കും. 28, -29 തീയതികളിൽ കാഞ്ഞിരപ്പള്ളിയിൽ ഫുട്‌ബോൾ മത്സരം, 31ന്‌ രാവിലെ ഏഴിന്‌ മണർകാട്‌ മുതൽ പാമ്പാടിവരെ മിനി മാരത്തൺ, ജനുവരി ഒന്നിന്‌ രാവിലെ പത്തിന്‌ പാമ്പാടിയിൽ നാടൻപാട്ട്‌ മത്സരം, റീൽസ്‌ മത്സരം എന്നിവയും സംഘടിപ്പിക്കും. ജനുവരി മൂന്നിന് വൈകിട്ട്‌ അഞ്ചിന്‌ പാമ്പാടിയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്യും. ഡോ. പി സരിൻ, ഗായത്രി വർഷ എന്നിവർ സംസാരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top