23 December Monday

സ്വപ്‌നനേട്ടത്തിന്റെ കാൽനൂറ്റാണ്ട്‌; 
ഓർമകളിലേക്ക്‌ തുഴയെറിഞ്ഞ്‌ ക്യാപ്‌റ്റൻ

പി സി പ്രശോഭ്‌Updated: Thursday Jul 25, 2024
കോട്ടയം
വർഷം 1999 –- നെഹ്രു ട്രോഫിയിൽ കന്നിക്കാരായി എത്തിയ ഒരു ടീമിനെ അന്നത്തെ "കൊമ്പന്മാരായ'' ടീമുകൾ ഭയത്തോടെയാണ്‌ കണ്ടത്‌. പുതുമുഖങ്ങളെങ്കിലും പലതവണ അവർ കരുത്ത്‌ തെളിയിച്ചുകഴിഞ്ഞു. ആരെയും മലർത്തിയടിക്കാനുള്ള കെൽപുമായി നൂറോളം കുമരകത്തുകാർ അണിനിരന്ന ആ ക്ലബ്ബിന്റെ പേര്‌ കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌ എന്നായിരുന്നു. വമ്പന്മാരെ കടപുഴക്കി കപ്പുമായാണ്‌ അന്നവർ മടങ്ങിയത്‌. ആ നേട്ടത്തിനിപ്പോൾ 25 വർഷം. അന്ന്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന കുമരകം കണിയാംപറമ്പിൽ സമ്പത്തിന്റെ ഓർമകളിൽ ഇന്നും ആ വിജയാരവം മങ്ങാതെയുണ്ട്‌.
  ""തൊട്ടുമുമ്പത്തെ വർഷം ശ്രീനാരായണ ബോട്ട്‌ റേസിലും കവണാറ്റിൻകര ബോട്ട്‌ റേസിലും ജേതാക്കളായിരുന്നു. പക്ഷേ നെഹ്രു ട്രോഫിയാണല്ലോ ജലമേളയിലെ ലോകകപ്പ്‌. അതു നേടാതെ മറ്റെന്ത്‌ നേടിയിട്ടും കാര്യമില്ലല്ലോ.'' –- കോട്ടയം മാണികുന്നത്തെ വീട്ടിലിരുന്ന്‌ സമ്പത്ത്‌ പറഞ്ഞു.
സമ്പത്ത്‌ ക്യാപ്‌റ്റനായെത്തുന്നത്‌ 1998ലാണ്‌. തുടർന്ന്‌ നടന്ന രണ്ട്‌ മത്സരവള്ളംകളിയിലും ക്ലബ്‌ ചാമ്പ്യനായി. നെഹ്രു ട്രോഫിയിൽ മത്സരിക്കണമെന്ന മോഹവും ഉദിച്ചത്‌ അങ്ങനെയാണ്‌. കുമരകം വൈഎംസിഎയിൽ നൂറകണക്കിനു പേർ പങ്കെടുത്ത പൊതുയോഗം സമ്പത്തിനെത്തന്നെ ക്യാപ്‌റ്റനായി നിശ്‌ചയിച്ചു. നെഹ്രു ട്രോഫിക്ക്‌ വേണ്ടി ആലപ്പാടൻ ചുണ്ടനെ സ്വന്തമാക്കി. ചുണ്ടനിൽ ഇന്ദിരാഗാന്ധി മെമോറിയൽ ജലമേളയിലും ആലപ്പുഴ ടൂറിസം ജലമേളയിലും ചാമ്പ്യന്മാരായതോടെ ക്ലബ്‌ വള്ളംകളിയിലെ പുതിയ താരോദയമായി. തോൽവിയറിയാതെ 1999 ആഗസ്‌തിൽ നെഹ്രു ട്രോഫിയിലേക്ക്‌.
  ""ഫോട്ടോ ഫിനിഷിലായിരുന്നു അന്ന്‌ കാരിച്ചാലിനെ രണ്ടാമതാക്കിയുള്ള ഞങ്ങളുടെ ജയം. കുഞ്ഞുമോൻ പൊറ്റക്കളവും സി സി മോനപ്പനുമായിരുന്നു ലീഡിങ്‌ ക്യാപ്‌റ്റൻമാർ. വിജയിച്ചുവന്നപ്പോൾ കുമരകത്ത്‌ ഞങ്ങൾക്ക്‌ വലിയ സ്വീകരണം ലഭിച്ചു. '' –- സമ്പത്ത്‌ ഓർമിച്ചെടുക്കുന്നു. ടൗൺ ബോട്ട്‌ ക്ലബ്‌ പിന്നീട്‌ നെഹ്രു ട്രോഫിയിൽ ഹാട്രിക്ക്‌ കിരീടം നേടിയതും ചരിത്രം. 2010ലായിരുന്നു അവസാന കിരീടനേട്ടം.
  ""ഇത്തവണ ടൗൺ ക്ലബ്ബിന്‌ നല്ല പ്രതീക്ഷയുണ്ട്‌. അവരുടെ തുഴച്ചിൽ പരിശീലനത്തിന്റെ വീഡിയോ ഞാൻ കണ്ടു. ഒന്നാന്തരമായി തുഴയുന്നുണ്ട്‌.'' –- സമ്പത്ത്‌ പറഞ്ഞു. ഇന്നും വള്ളംകളി മത്സരങ്ങളിലും പരിശീലനത്തിലും സാന്നിധ്യമാണ്‌ സമ്പത്ത്‌. ഭാര്യ ലിസ്‌ എബ്രഹാം. മകൾ കെസിയ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top