കാഞ്ഞിരപ്പള്ളി
25 വയസിനുള്ളിൽ നാലു പുസ്തകങ്ങൾ രചിച്ച് കാഞ്ഞിരപ്പള്ളിക്കാരി അയിഷ നാസറുദീൻ. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ അച്ചടിക്കപ്പെടാത്ത പുസ്തകമായിരുന്നു ആദ്യ കൃതി. ആർ എൽ സ്റ്റയിൻ എന്ന എഴുത്തുകാരന്റെ ആരാധികയായിരുന്നു അയിഷ. ബിസിനസുകാരനായ കാഞ്ഞിരപ്പള്ളി ഇടപ്പളളി ലെയ്നിൽ തേനമ്മാക്കൽ ടി ഇ നാസറുദീൻ–- ബീന ദമ്പതികളുടെ നാല് പെണ്മക്കളിൽ ഇളയവളാണ് അയിഷ. ഇരുപത്തിരണ്ടാം വയസ്സിൽ ആമസോൺ കിൻഡിൽ ഡയറക്റ്റ് പബ്ലിഷിങ് വഴി പ്രസിദ്ധീകരിച്ച ‘എലീസ ആൻഡ് ദി മിഡ്-നൈറ്റ് ഫെയറി’ ആണ് ആദ്യ പുസ്തകം. കുട്ടികളുടെ ഫാന്റസി ഫിക്ഷൻ വിഭാഗത്തിൽ വരുന്ന പുസ്തകമാണിത്. ‘ടൈം ടീച്ചസ് ടു ലാഫ്’ ആണ് രണ്ടാമത്തെ പുസ്തകം. ഈ പുസ്തകവും ആമസോൺ കെഡിപിയാണ് പ്രസാധകർ. ‘ട്വന്റി-ത്രീ’ എന്ന കവിതാസമാഹാരമാണ് മൂന്നാമത്തെ പുസ്തകം. ബുക്‌ലീഫ് പബ്ലിഷിങ് ഹൗസാണ് പ്രസാധകർ. അടുത്തിറങ്ങിയ ‘ബിനീത് ദി ഗോൾഡൻ ചെയിൻ’ എന്ന യങ് അഡൾട്ട് ഫിക്ഷനാണ് നാലാമത്തെ പുസ്തകം. ഇതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽനിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അയിഷ പാലാ സെന്റ് ജോസഫ്സ് കോളേജിൽനിന്നും ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടി. ഇൻഫോപാർക്കിലെ യുഎസ്റ്റി ഓഫീസിൽ ജോലിചെയ്യുന്നു. ഐടി ലോകത്തെ സംബന്ധിച്ച ഒരുന്യൂ-ജെൻ നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. മാനസികാരോഗ്യ ഉപദേശങ്ങളും പുസ്തകപ്പരിചയപ്പെടുത്തലുകളും അവലോകനങ്ങളുമൊക്കെ വ്ലോഗുകളിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അയിഷ പങ്കുവയ്ക്കാറുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..