കോട്ടയം
രാത്രിയെന്നോ പകലെന്നൊ ഇല്ല, കോട്ടയം ഫുൾ ചൂടിലാണ്. ഫാനില്ലാതെ ഇരിക്കാൻ വയ്യാത്ത അവസ്ഥ. ജനുവരിയിൽ ഇതാണ് അവസ്ഥയെങ്കിൽ വേനൽ ആരംഭിക്കുന്ന മാർച്ച് മുതൽ എന്താകും അവസ്ഥയെന്നാണ് നാട്ടിലാകെ ആശങ്ക.
ജില്ല സമീപകാലത്തെ ഏറ്റവും ചൂടുകൂടിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 23ന് ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടായ 37 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തെ തന്നെ കൂടിയ താപനിലയാണിത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 36 ഡിഗ്രിയായിരുന്നു ചൂട്. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷണ വിഭാഗത്തിന്റെ കണക്കാണിത്. മുമ്പ് 2016 ജനുവരി 30നാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് –- 36.6 ഡിഗ്രി.
ഉഷ്‌ണം വർധിക്കുമ്പോൾ കോളടിച്ചത് കൂളർ, എസി കമ്പനികൾക്കാണ്. ഇവയുടെ വിൽപന വർധിച്ചു. മഴയുടെ അളവ് കുറഞ്ഞത് ചൂട് വർധിക്കാൻ കാരണമായി. ഈമാസം 25 വരെ ശരാശരി ലഭിക്കേണ്ട മഴ 10 മില്ലീമീറ്ററാണ്. എന്നാൽ പെയ്‌തത് അഞ്ച് മി.മീ മാത്രം. 2014 മുതൽ "17 വരെ ജനുവരിയിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. 2018 മുതലാണ് കുറഞ്ഞു തുടങ്ങിയത്. ആ വർഷം ജനുവരിയിൽ ജില്ലയിൽ ലഭിച്ചത് രണ്ട് മില്ലീമീറ്റർ മാത്രം.
കേരളത്തിൽ പൊതുവേ ചൂട് വർധിച്ചിരിക്കുകയാണ്. അറബിക്കടലിൽ താപനില ഉയർന്നതാണ് പ്രധാന കാരണം. കടലിലെ ചൂട് 29 ഡിഗ്രിയായി. ശരാശരി 27 ഡിഗ്രിയിൽ നിൽക്കേണ്ടതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..