ഏറ്റുമാനൂർ
കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കോർ ഓഫ് സിഗ്നൽ സംവിധാനത്തിന് നേതൃത്വംനൽകിയ നായ്‌ക് ജോയ്സ് ജേക്കബിന്റെ ഓർമയിൽ യുദ്ധദിനങ്ങൾ മായാതെ നിൽക്കുന്നു. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ജമ്മുവിന്റെ ഏറ്റവും മുകളിൽ പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള കോർ ഓഫ് സിഗ്നൽ വിങിലായിരുന്നു ജോയ്സ് ജേക്കബ്.
സൈനികരെ നിയന്ത്രിക്കാനും യുദ്ധസാമഗ്രികൾ എത്തിക്കാനും ആശയവിനിമയം നടത്തുന്ന ഇന്ത്യയുടെ കോർ ഓഫ് സിഗ്നൽ വിങ് തകർക്കാനായിരുന്നു പാകിസ്ഥാന്റെ ആദ്യം ശ്രമം. ആശയവിനിമയ സംവിധാനം തകർന്നാൽ യുദ്ധഭൂമിയിൽ മുന്നേറുന്ന ഇന്ത്യൻ കാലാൾപ്പട തകരും. എത്ര ശ്രമിച്ചിട്ടും പാകിസ്ഥാന് ഇന്ത്യയുടെ കോർ ഓഫ് സിഗ്നൽ വിങിനെ തകർക്കാനായില്ല. ബങ്കറിനുള്ളിലാണ് സിഗ്നൽ സംവിധാനങ്ങൾ സജ്ജമാക്കുന്നത്. ആന്റീനമാത്രം പുറത്തുകാണും. വെടിയുതിർത്ത് കാലാൾപ്പട മുന്നേറുമ്പോൾ സിഗ്നൽ സംവിധാനമുൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ഒടുവിൽ ഇന്ത്യയുടെ പ്രഹരത്തെ തടുക്കാനാവാതെ പാകിസ്ഥാൻ സൈന്യം പിൻമാറി. ഇന്ത്യ കാർഗിൽ തിരിച്ചുപിടിച്ചു.
തുടർച്ചയായി 84 ദിവസം ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലത്ത് മൈനസ് നാൽപത് ഡിഗ്രി കൊടുംതണുപ്പിലാണ് കഴിഞ്ഞത്. യുദ്ധം അവസാനിച്ച് സൈനികർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ പുഷ്പഹാരങ്ങളുമായി ജനങ്ങൾ സ്വീകരിച്ചത് മറക്കാനാവില്ല.
നീണ്ട 17 വർഷത്തെ ജോലിക്കുശേഷം ഹവിൽദാറായാണ് വിരമിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽകോളേജ് സെക്യൂരിറ്റിവിഭാഗം തലവനായി. ഇപ്പോൾ കോന്നി മെഡിക്കൽകോളേജിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറാണ് കടുത്തുരുത്തി അറുനൂറ്റിമംഗലം മണലേൽ വീട്ടിൽ ജോയ്സ് ജേക്കബ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..