മണർകാട്
ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് പള്ളിയിൽ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസിന് സ്വീകരണം നൽകി. കത്തീഡ്രലിന്റെ കിഴക്ക് വശത്തെ ആർച്ചിന് സമീപം എത്തിയ മെത്രാപ്പോലീത്തയെ ഫാ. കുറിയാക്കോസ് കാലായിൽ, ഫാ. ജെ മാത്യു മണവത്ത്, ഫാ. ലിറ്റു തണ്ടാശേരി, ഫാ. ഏബ്രഹാം കരിമ്പന്നൂർ എന്നിവർ ചേർന്ന് അംശവസ്‌ത്രം അണിയിച്ചു.
വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ മെത്രാപ്പോലീത്തായെ സ്വീകരിച്ചു. സമീപ ഇടവകയിൽനിന്നും നൂറുകണക്കിന് വിശ്വാസികളും സ്വീകരിക്കാനെത്തി.
കത്തീഡ്രൽ അങ്കണത്തിൽ പ്രവേശിച്ച ശേഷം അദ്ദേഹം കിഴക്ക് വശത്തെ കൊടിമരത്തിൽ പാത്രിയർക്കാ പതാക ഉയർത്തി. സന്ധ്യാപ്രാർഥനയും ഫാ. കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ കറുകയിലിന്റെ അധ്യക്ഷനായി വിശ്വാസ പ്രഖ്യാപന സമ്മേളനവും നടന്നു.
കത്തീഡ്രൽ സഹവികാരി ഫാ. എം ഐ തോമസ് മറ്റത്തിൽ വിശ്വാസ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. കത്തീഡ്രൽ ട്രസ്റ്റിമാരായ പി എ ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി ജെ ജേക്കബ് വാഴത്തറ എന്നിവർ ചേർന്ന് ഇടവകയുടെ ഉപഹാരമായ ശ്ലീബാ നൽകി മലങ്കര മെത്രാപ്പോലീത്തായെ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..