06 November Wednesday

പളുങ്കുപോലൊരു നീർക്കുഴി

ജ്യോതിമോൾ ജോസഫ്‌Updated: Thursday Sep 26, 2024

ചട്ടമ്പിയിലെ പെരുവഞ്ചനക്കയം

 
കോട്ടയം
കാടും മലയും താണ്ടി, മഞ്ഞും തണുപ്പുമടിച്ച്‌ ഒരു കുഞ്ഞൻ യാത്രയായാലോ, അവിടെ ചെന്നാലോ... പൊള്ളുന്ന വെയിലിലും കാറ്റും കുളിർമയുമൊക്കൊ പകരുന്ന ഒരിടം. തെളിനീർ തൂവുന്ന പെരുവഞ്ചനക്കയം, പ്രകൃതിയിലലിയാം ആസ്വദിക്കാം. 
പൂഞ്ഞാർ പെരിങ്ങുളം ചട്ടമ്പിയിലെത്തണം പെരുവഞ്ചനക്കയത്തിന്റെ വശ്യ സൗന്ദര്യമാസ്വദിക്കാൻ. അതിശക്തമായ മഴയുള്ള സമയങ്ങളിൽ ഉഗ്രരൂപിയാകുമെങ്കിലും പേരു പോലത്ര ഭീകരതയൊന്നും ഈ ചെറിയ വെള്ളച്ചാട്ടത്തിനില്ല. തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷം, അവിടെ  ഇടതൂർണ്ണ കാട്ടുമരങ്ങൾക്കും പാറക്കെട്ടുകൾക്കുമിടയിൽ പളുങ്കുമണികൾ പോലെ തെന്നിത്തെറിച്ച്‌ പതിക്കുന്ന വെള്ളം. വെള്ളം പതിക്കുന്ന നീർക്കുഴിയോ അതിലും ആകർഷകം. വളരെ ചെറിയ ഉയരത്തിൽനിന്നാണ്‌ കുഴിയിലേക്ക്‌ വെള്ളം പതിക്കുന്നത്‌. കണ്ണാടിപോലെ അടിത്തട്ടുവരെ വ്യക്തമാക്കുന്ന തെളിഞ്ഞ വെള്ളം. ചുറ്റുമുള്ള മരങ്ങളുടെയും വലിയ പാറക്കെട്ടുകളിലെയും പച്ചപ്പ്‌ വെള്ളത്തിലും പ്രതിഫലിക്കുന്നു. ഇവിടുത്തെ വെള്ളത്തിന്‌ തെളിമയുള്ള വെള്ളയും പച്ചയും നീലയും നിറമാണ്‌.
മഴയും വഴുക്കലുമില്ലാത്ത സാഹചര്യത്തിൽ ശ്രദ്ധയോടെ വെള്ളച്ചാട്ടത്തിന്‌ മുകളിലേക്കും കയറാം. പാറക്കെട്ടുകളിൽ കാലാകാലങ്ങളിൽ പ്രകൃതിയൊരുക്കിയ ചെത്തിമിനുക്കിയെടുത്തതുപോലുള്ള മനോഹരമായ കുഴികൾ. വാർത്തെടുത്തപോലെ ഗുഹാരൂപമുള്ള വലിയ പാറക്കൂട്ടങ്ങൾ. നീർക്കുഴിയിൽനിന്ന്‌ തെളിനീർ താഴേക്ക്‌ ഒഴുകിയിറങ്ങുകയാണ്‌ കല്ലുകൾക്കിടയിലൂടെ കൂടുതൽ ശാന്തമായി. കാട്ടുമരങ്ങളും വള്ളികളും ഈറ്റക്കാടും സമ്മാനിക്കുന്ന അനുഭൂതി അതത്രനിസാരമല്ല.  ചെറുതെങ്കിലും പെരുവഞ്ചനം പകരുന്ന വൈബ്‌ അത്‌ പറഞ്ഞുഫലിപ്പിക്കാനുമാവില്ല, നേരിട്ടാസ്വദിക്കുകതന്നെ  വേണം.
 
ഈ വഴിയെത്താം
ഈരാറ്റുപേട്ടയിൽനിന്ന്‌ പൂഞ്ഞാർ–- അടിവാരം റൂട്ടിൽ പെരിങ്ങുളത്തുനിന്ന്‌ കൈപ്പള്ളി റോഡിലൂടെ ചട്ടമ്പിയിലെത്താം. ചട്ടമ്പിയിൽനിന്ന്‌ താഴേക്ക്‌ 100 മീറ്റർ നടപ്പുവഴി എത്തുന്നത്‌ പെരുവഞ്ചനക്കയത്തിൽ. ഏന്തയാർ ഭാഗത്തുനിന്നുള്ളവർക്ക്‌ കൈപ്പള്ളി ചേലച്ചുവടുനിന്ന്‌ തിരിഞ്ഞ്‌ പെരിങ്ങുളം റോഡിലൂടെ സഞ്ചരിച്ച് ചട്ടമ്പിയിലെത്താം. പൂഞ്ഞാറിൽനിന്ന്‌ കൈപ്പള്ളി റൂട്ടിൽ വന്നാലും ചട്ടമ്പിയിലെത്താം. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top