23 November Saturday

ഞെക്കിപ്പിഴിഞ്ഞ്‌ റെയിൽവേ; യാത്രക്കാരോട്‌ കടുത്ത അവഗണന തുടരുന്നു

സ്വന്തം ലേഖകൻUpdated: Thursday Sep 26, 2024

കഴിഞ്ഞദിവസം വേണാട്‌ എക്‌സ്‌പ്രസിൽ അനുഭവപ്പെട്ട തിരക്ക്‌

കോട്ടയം> യാത്രക്കാരോട്‌ കനത്ത അവഗണന തുടർന്ന്‌ റെയിൽവേ. കായംകുളം–-എറണാകുളം റൂട്ടിലെ യാത്രാപ്രതിസന്ധി അതിരൂക്ഷമായിട്ടും ഒരുവിധ നടപടികളും സ്വീകരിക്കാതെ അനങ്ങാപ്പാറ നയം തുടരുന്നു.
 
തിരക്ക്‌ വർധിച്ച്‌ യാത്രക്കാർ തളർന്നുവീണിട്ടും റെയിൽവേയെ ഒന്നും ബാധിക്കുന്നില്ല.  ഈ റൂട്ടിൽ രാവിലെ പാലരുവിയ്‌ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂറോളം ദൈർഘ്യമാണ്‌ തിരക്ക്‌ വർധിക്കുന്നതിന്റെ പ്രധാന കാരണം. ഇതിനിടയിൽ ഒരു പാസഞ്ചർ ട്രെയിനോ മെമുവോ അനുവദിച്ചാലും, ഇരു ട്രെയിനുകളിലും ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചാലും ദുരിതത്തിന്‌ അയവുവരും. ഈ സെക്‌ടറിൽനിന്ന്‌ മികച്ച വരുമാനം ലഭിച്ചിട്ടും യാത്രക്കാരുടെ ആവശ്യത്തോട്‌ റെയിൽവേ മുഖം തിരിയ്‌ക്കുകയാണ്‌.
 
പാലരുവിയിൽ പോകുന്നതിനായി വളരെ പുലർച്ചെ തന്നെ പലർക്കും വീട്ടിൽനിന്ന്‌ പുറപ്പെടേണ്ടി വരുന്നു. വേണാടിന്റെ സമയമാറ്റവും കൃത്യസമയം പാലിക്കാത്തതുമാണ്‌ മറ്റൊരു പ്രതിസന്ധി. കഴിഞ്ഞ കുറച്ചുനാളുകളായി വേണാട്‌ എറണാകുളം സൗത്ത്‌ ഒഴിവാക്കിയാണ്‌ യാത്ര. പലദിവസങ്ങളിലും രാവിലെ 9.50നു ശേഷം മാത്രമാണ്‌ തൃപ്പൂണിത്തുറയിൽ പോലും എത്തുന്നത്‌. ഇതു കാരണം മിക്ക ജീവനക്കാർക്കും കൃത്യസമയത്ത്‌ ഓഫീസിൽ എത്താനാകാതെ പകുതിദിവസം ലീവാകുകയും പകുതിദിവസത്തെ ശമ്പളം നഷ്‌ടമാകുന്ന സാഹചര്യവുമുണ്ട്‌. വൈകുന്നേരവും ഈ റൂട്ടിൽ തിരക്കിന്‌ ഒരു അയവുമില്ല.
 
ഓഫീസ്‌ സമയത്തിനു ശേഷമുണ്ടാവുന്ന സ്വാഭാവിക തിരക്ക്‌ കൈകാര്യം ചെയ്യാനാവുന്ന വണ്ടികൾ പോലും വൈകിട്ടില്ല. അഞ്ചിന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെടുന്ന രണ്ട്‌ ജനറൽ കോച്ചുകൾ മാത്രമുള്ള കേരളാ എക്‌സ്‌പ്രസും 5.20ന്‌ പുറപ്പെടുന്ന വേണാടുമാണ്‌ ആകെയുള്ളത്‌. കേരളയിൽ ജനറൽകോച്ച്‌ കുറവായതിനാലും പരിമിതമായ സ്‌റ്റോപ്പുകൾ ഉള്ളതിനാലും എല്ലാ യാത്രക്കാർക്കും ആശ്രയിക്കാനാവില്ല. 
 
ആറിനുശേഷം കൊല്ലം മെമു ഉണ്ടെങ്കിലും ഇത്‌ എട്ടോടടുത്തേ കോട്ടയത്ത്‌ പോലും എത്തൂ. അതിനാൽ തന്നെ മെമുവിനെയും ആശ്രയിക്കാനാവില്ല. ഫലത്തിൽ മൂന്ന്‌ ട്രെയിനുകളിലെ യാത്രക്കാരെ ഉൾക്കൊള്ളേണ്ടി വരുന്നത്‌ വേണാടിലാണ്‌. രാവിലെയും വൈകിട്ടും അതിസാഹസികമായി യാത്രചെയ്യേണ്ട അവസ്ഥയിലാണ്‌ സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ളവർ.
 
വില്ലനായി വന്ദേഭാരതും
 
തിങ്ങിഞ്ഞെരുങ്ങി ശുചിമുറിയിലും ചവിട്ടുപടിയിലുമൊക്കെ കുന്നുകൂടി ശ്വാസംമുട്ടി യാത്ര ചെയ്യുന്നതിനിടയിലാണ്‌ വന്ദേഭാരത്‌ കടന്നുപോകാൻ പിടിച്ചിടുന്നത്‌. ഈ സന്ദർഭത്തിലാണ്‌ വായു പോലും കിട്ടാതെ പലരും കുഴഞ്ഞുവീഴുന്നത്‌. വന്ദേഭാരത്‌ കടന്നുപോകുന്നതിനായി അരമണിക്കൂറോളമാണ്‌ പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്‌. 
 
ഇവിടെയാകട്ടെ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. ആർക്കെങ്കിലും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടാൽ അടിയന്തര വൈദ്യസഹായം നൽകാൻ പോലുമാകില്ല. മുളന്തുരുത്തിയിൽ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ പല യാത്രക്കാർക്കും ഉപകാരമാകും. പാലരുവിയിലെ അമ്പത്‌ ശതമാനത്തോളം യാത്രക്കാർ തൃപ്പൂണിത്തുറയിൽ ഇറങ്ങാനുള്ളവരാണ്‌.
 
പാലരുവി കൃത്യസമയം പാലിച്ചാൽ തൃപ്പൂണിത്തുറ എത്തിയ ശേഷം മാത്രമേ വന്ദേഭാരത്‌ അവിടേക്കെത്തൂ. 8.02 ആണ്‌ പാലരുവി തൃപ്പൂണിത്തുറയിൽ എത്തേണ്ട സമയം. വന്ദേഭാരതിന്റേത്‌ 8.15 ഉം. എന്നാൽ പാലരുവി 7.51 ന്‌ എത്തേണ്ട മുളന്തുരുത്തിയിൽ പലപ്പോഴും എട്ടിനാണ്‌ എത്തുന്നത്‌. ഇക്കാര്യം പറഞ്ഞാണ്‌ റെയിൽവേ ഇവിടെ തന്നെ പിടിച്ചിടുന്നത്‌. എന്നാൽ പുലർച്ചെ നാലിന്‌ കൊല്ലത്ത്‌ എത്തുന്ന പാലരുവി 50 മിനിട്ടോളം അവിടെ ഹാൾട്ട്‌ ചെയ്‌ത്‌ 4.50നാണ്‌ പുറപ്പെടുക. ഇതിനു പകരം ഒരു പത്ത്‌ മിനിട്ട്‌ നേരത്തേ കൊല്ലത്തു നിന്നും പുറപ്പെട്ടാൽ ഫോട്ടോഫിനിഷ്‌ ഒഴിവാക്കി നേരത്തേ തൃപ്പൂണിത്തുറയിൽ എത്തി വന്ദേഭാരതിനെ സുഗമമായി കടത്തിവിടാനാകുമെന്നും യാത്രക്കാർ പറയുന്നു. എന്നാൽ പതിവു പോലെ ഇതിനോട്‌ മുഖം തിരിയ്‌ക്കുകയാണ്‌ റെയിൽവേ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top