24 November Sunday

കാർഷിക മേഖലയിൽ പുതുചരിത്രമെഴുതി തിരുവാർപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കാർഷിക മേഖലയിൽ പുതുചരിത്രമെഴുതി തിരുവാർപ്പ്

തിരുവാർപ്പ്‌
അപ്പർകുട്ടനാട് മേഖലയായ തിരുവാർപ്പ് ഒരു കാർഷിക ഗ്രാമമാണ്. 5000 ഏക്കർ നെൽവയലുള്ള പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതം കൃഷിയുമായി ബന്ധപ്പെട്ടാണ്. കൃഷി കൂടുതൽ ആദായകരമാക്കുന്നതിന്‌ പരമ്പരാഗത രീതികൾക്കൊപ്പം ആധുനികവൽക്കരണവും അനിവാര്യമായതോടെ കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്‌. ഒരേക്കർ സ്ഥലത്ത് പരമ്പരാഗത രീതിയിൽ വിതയ്ക്കുമ്പോൾ 50 കിലോ വിത്ത് ആവശ്യമാണ്. ഡ്രോൺ ഉപയോഗിച്ചാൽ 35 കിലോ മതിയാകും. വയലിലൂടെ നടന്ന് വിതയ്ക്കുമ്പോൾ മണ്ണിൽ ഇളക്കം തട്ടുന്നതുമൂലമുണ്ടാകുന്ന അമ്ലത്വം ലഘൂകരിക്കാനും ഇത്‌ സഹായിക്കും. പുതുക്കാട്ട്‌ അമ്പത് പാടശേഖരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് വിതച്ചത്‌ .അടുത്ത വർഷം ഡ്രോൺ ഉപയോഗിച്ച് വിത വ്യാപിപ്പിക്കാനാകുമെന്ന് ഡോ. ജയലക്ഷ്മി പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോൻ വിത ഉദ്‌ഘാടനംചെയ്തു. വികസന സമിതി അധ്യക്ഷൻ സി ടി രാജേഷ്, പഞ്ചായത്തംഗം സുമേഷ് കാഞ്ഞിരം, ജില്ലാ കൃഷി ഓഫീസർ ജോ ജോസ്, കൃഷി അസി. ഡയറക്ടർ ജ്യോതി, കൃഷി ഓഫീസർ നസിയ സത്താർ എന്നിവർ സംസാരിച്ചു. തിരുവാർപ്പ് കൃഷിഭവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top