കോട്ടയം
മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ ഹരിതസഭ ജില്ലയിൽ പൂർത്തിയായി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയിൽ ജില്ലയിലെ 11,081 വിദ്യാർഥികൾ പങ്കാളികളായി.
വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലയുള്ള നോഡൽ ഓഫീസർമാരായ അധ്യാപകരും സഭയുടെ ഭാഗമായി. അധ്യാപകരും ഉദ്യോഗസ്ഥരുമടക്കം 2,137പേർ പങ്കെടുത്തു. അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിദ്യാലയങ്ങളിൽനിന്ന് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത്തരത്തിൽ 745 റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഈ റിപ്പോർട്ട് പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
ചർച്ചയായി മാലിന്യ
പ്രശ്നങ്ങൾ
സ്കൂളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ കൃത്യമായ നിരീക്ഷണങ്ങൾ, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായുള്ള പ്രശ്നങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികൾ, ദ്രവ മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവ സഭയിൽ ചർച്ചചെയ്‌തു. 11, 12 ക്ലാസുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എൻഎസ്എസ് വളന്റിയർമാർ സഭ നിയന്ത്രിച്ചു.
വിദ്യാർഥികൾക്ക് വീട്ടിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്താനും പോരായ്മകൾ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഇത് അവസരമൊരുക്കി. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കില, ആർജിഎസ്എ തുടങ്ങിയവയിലെ റിസോഴ്‌സ്‌പേഴ്സൺമാരുടെ സേവനം പ്രയോജനപ്പെടുത്തിയായിരുന്ന സഭ. തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യ സംസ്കരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും പരാതികളിൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച റിപ്പോർട്ടും അവതരിപ്പിച്ചു. വിദ്യാർഥികൾ ജനപ്രതിനിധികളോട് ചോദ്യങ്ങളും ചോദിച്ചു.
ഇതോടനുബന്ധിച്ച് ശുചിത്വ വിളംബര ജാഥകളും കുട്ടികളുടെ കലാപരിപാടികളുമുണ്ടായി. പങ്കെടുത്ത കുട്ടികൾക്കും സ്കൂളുകൾക്കും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചായിരുന്നു സഭ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..