17 September Tuesday
ജില്ലയിൽ ജലഗുണനിലവാര ലാബുകൾ ഒരുങ്ങുന്നു

വെള്ളം നല്ലതാണോ... 
ഇനി സ്‌കൂളിൽ നോക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
കോട്ടയം
നിങ്ങളുടെ കുടിവെള്ളം നല്ലതാണോ എന്ന്‌ സംശയമുണ്ടോ? അത്‌ എവിടെ പരിശാധിക്കാനാവുമെന്ന്‌ അറിയാതെ പ്രശ്‌നമുണ്ടോ?. എങ്കിൽ ഒരു സംശയവും വേണ്ട, ജലത്തിന്റെ ഗുണനിലവാര പരിശോധകൾ ഇനി തൊട്ടടുത്ത സ്‌കൂളുകളിൽ ചെയ്യാം. ഇതിനായി ജില്ലയിൽ ജലഗുണനിലവാര പരിശോധനാ ലാബുകൾ ഒരുങ്ങുന്നു.
നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനാണ്‌ പദ്ധതി തയ്യാറാക്കുന്നത്‌. ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്‌ട്രി ലാബുകളിൽ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി ജലഗുണനിലവാര പരിശോധനാ ലാബുകൾ സജ്ജീകരിക്കുന്നതാണ്‌ പ്രവർത്തനം. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വെള്ളത്തിന്റെ ഗുണനിലവാരം ഇവിടെ സൗജന്യമായി പരിശോധിച്ച്‌ അറിയാനാകും. അതത്‌ സ്‌കൂളുകളിലെ വിദഗ്‌ധ പരിശീലനം ലഭിച്ച വിദ്യാർഥികളും അധ്യാപകരുമാണ്‌ പരിശോധനകൾ നടത്തുന്നത്‌. 
കോട്ടയം ജില്ലയിൽ 70 സ്‌കൂളുകളിലാണ്‌ ലാബുകൾ തയ്യാറാക്കുന്നത്‌. കേരള പുനർനിർമാണ പദ്ധതിയുടെ സഹായത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്ചർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ മുഖേനയാണ്‌ ലാബുകൾ സ്ഥാപിക്കുന്നത്‌. ആദ്യ ഘട്ടത്തിൽ 30 സ്‌കൂളുകളിലാണ്‌ പ്രവർത്തനം നടത്തുന്നത്‌. ഇതുസംബന്ധിച്ച്‌ സ്‌കൂളുകൾക്കുള്ള പരിശീലനം രണ്ടുഘട്ടങ്ങളിലായി പൂർത്തീകരിച്ചു.
 ലാബിന്റെ ജില്ലാതല പ്രവർത്തന ഉദ്‌ഘാടനം ചൊവ്വ പകൽ 11ന്‌ കുമരകം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ബൃഹത്തായ ക്യാമ്പയിൻവഴി ജില്ലയിലെ മുഴുവൻ കിണറുകളിലെയും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനാണ്‌ ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top