കൊച്ചി
ഷവർമ കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ, രക്തത്തിൽ സാൽമൊണല്ല ബാക്‌ടീരിയയുടെ സാന്നിധ്യമുള്ളതായി ആശുപത്രി റിപ്പോർട്ട്. ഭക്ഷണത്തിൽനിന്നുണ്ടാകുന്ന അണുബാധമൂലം രക്തത്തിൽ കലരുന്ന ബാക്‌ടീരിയയാണ് സാൽമൊണല്ല. എന്നാൽ, മറ്റ് വിഷാംശങ്ങളുള്ളതായി തെളിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഡിഎംഒയ്‌ക്കും പൊലീസിനും ഭക്ഷ്യസുരക്ഷാവകുപ്പിനും കൈമാറി.
കോട്ടയം സ്വദേശി രാഹുൽ ഡി നായരാണ് ഷവർമ കഴിച്ചതിനുപിന്നാലെ ഗുരുതരാവസ്ഥയിലായി ചികിത്സയിലിരിക്കെ ബുധൻ പകൽ 3.30ന് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ ആശുപത്രിയിൽ സമാന സ്വഭാവത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയെത്തിയവരുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. രാഹുൽ ആദ്യം ചികിത്സതേടിയ ആശുപത്രിയിൽനിന്നും തുടർന്ന് ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽനിന്നും വിവരങ്ങൾ ശേഖരിക്കും. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ഈ ഭാഗത്തുനിന്ന് എട്ടുപേർ ചികിത്സതേടിയതായി തൃക്കാക്കര നഗരസഭ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാലാരിവട്ടം മെഡിക്കൽ സെന്റർ, തൃക്കാക്കര സഹകരണ ആശുപത്രി, കോലഞ്ചേരി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. രാഹുലിനെ ചികിത്സിച്ച സൺറൈസ് ആശുപത്രിയിൽ ചികിത്സതേടിയവരുടെ വിവരങ്ങളും നൽകി. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കിട്ടാൻ രണ്ടുദിവസമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വന്നാൽമാത്രമെ മരണത്തിന്റെ യഥാർഥകാരണം അറിയാൻ കഴിയൂവെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ പി കെ ജോൺ വിജയകുമാർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിച്ചതുമുതൽ യുവാവ് അബോധാവസ്ഥയിലായതിനാൽ മൊഴി എടുക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. കാക്കനാട് വ്യവസായമേഖലയിലെ എസ്‌എഫ്‌ഒ കമ്പനിയിലെ കരാർജീവനക്കാരനാണ് രാഹുൽ. മൃതദേഹത്തിൽ സെസിലെ തൊഴിലാളികൾ അന്ത്യാഞ്ജലി അർപ്പിച്ചു. സെസ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ എസ് അരുൺകുമാറും അന്ത്യാഞ്ജലി അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..