കോട്ടയം
പൂക്കാനാവതില്ലെങ്കിലും ഇത്തിരിവർണത്തിൽ പച്ചപ്പട്ടുചുറ്റിയ ‘മെസഞ്ചിയാന’, ‘സോങ് ഓഫ് ജമൈക്ക’. പേരിലെ പോലത്ര ചന്തമൊന്നും കാഴ്‌ചയിൽ ഉണ്ടാവില്ല, പക്ഷേ നിസാരക്കാരുമല്ല. ഒരിലയ്‌ക്ക് മൂന്നര രൂപവരെയുള്ള അലങ്കാരച്ചെടിയാണ് മെസഞ്ചിയാനയെങ്കിൽ സോങ് ഓഫ് ജമൈക്കയ്‌ക്ക് ഒരുകെട്ടിന് അഞ്ചുരൂപ വരെയുണ്ട്. കൈപ്പുഴ സെന്റ് ജോർജ്‌സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അതിനെ വരുമാനമാർഗമാക്കുകയാണ്.
നമ്മുടെ നാട്ടിൽ വിരളമെങ്കിലും നോർത്ത് ഇന്ത്യൻ വിപണിയിലടക്കം വലിയ ആവശ്യക്കാരുണ്ട് ഈ അലങ്കാരചെടികൾക്ക്. കുട്ടികളുടെയും അധികൃതരുടെയും പരിചരണത്തിൽ സ്‌കൂളിന് സമീപം വളരുന്നത് 1,000 മെസഞ്ചിയാനയും 3,000 സോങ് ഓഫ് ജമൈക്കയും. ആഘോഷവേളകളിൽ അലങ്കാരങ്ങളൊരുക്കുന്നതിൽ മുൻപന്തിയിലുള്ളവർ. കൃത്യമായി വെള്ളം ഉറപ്പാക്കണമെന്നതൊഴിച്ചാൽ പരിചരണവും എളുപ്പം. മൂന്നുമാസം കൂടുമ്പോൾ ഇലയെടുക്കും. വിളവെടുപ്പിനുശേഷവും അതേചെടിയിൽനിന്ന് വിളവ് ലഭിക്കുമെന്നതും കൃഷി ലാഭകരവും എളുപ്പവുമാക്കും. സ്‌കൂൾ പ്രിൻസിപ്പൽ തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നടീൽമുതൽ പരിചരണം, വിളവെടുപ്പ്, വിൽപ്പനയ്‌ക്ക് ഒരുക്കുംവരെ കുട്ടികൾ മുൻപന്തിയിലുണ്ടാവും.
പഠനവും
പ്രായോഗികതലവും
ഫ്‌ളോറി കൾച്ചറിസ്‌റ്റ്(എഫ്‌സിടി) വിദ്യാർഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി 2022–-23ലാണ് അലങ്കാരച്ചെടികളുടെയും സസ്യങ്ങളുടെയും കൃഷി ആരംഭിക്കുന്നത്. മഞ്ഞവസന്തം എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ മാരിഗോൾഡ് ഇനത്തിൽപ്പെട്ട ചെടികളും ഒപ്പം പച്ചക്കറികളുമാണ് കൃഷിചെയ്‌തു തുടങ്ങിയത്. മൂന്നുവർഷം പിന്നിടുമ്പോൾ സമീപത്തെ അഞ്ചേക്കറിലേക്ക് വ്യാപിപ്പിച്ചു. രണ്ടരയേക്കറിൽ കപ്പയും ബാക്കിയുള്ളിടത്ത് പച്ചക്കറികളും അലങ്കാരച്ചെടികളും സസ്യങ്ങളും നിറഞ്ഞിരിക്കുന്നു.
2024–- 2025ൽ 1000 കിലോ കപ്പ, 700 കിലോ വഴുതന, 100കിലോ മുളക് എന്നിവ വിറ്റു. വെണ്ട, കോവയ്ക്ക, മഞ്ഞൾ, കുമ്പളം തുടങ്ങിയവയും സുലഭം. വിപണിയിലത്ര പരിചിതമല്ലാത്ത ആറുകിലോവരെ തൂക്കമെത്തുന്ന വട്ടച്ചുരയ്‌ക്കയുമുണ്ട്. വിളകൾ പ്രാദേശിക മാർക്കറ്റിലും മറ്റും ലഭ്യമാക്കുന്നു. അലങ്കാരസസ്യങ്ങൾ സ്വകാര്യനഴ്‌സറിയുമായി സഹകരിച്ച് നോർത്ത് ഇന്ത്യൻ വിപണിയിലേക്കാണ് എത്തിക്കുന്നത്. വിവിധയിനത്തിലുള്ള നൂറിൽപരം ചെടികളും സ്‌കൂൾ വളപ്പിലുണ്ട്.
ജോലിയും സമ്പാദ്യവും
എഫ്‌സിടി പ്ലസ്‌വൺ പ്ലസ്‌ടു വിദ്യാർഥികളാണ് പദ്ധതിയിലൂടെ സ്വയംപര്യാപ്‌തരാകുന്നത്. സ്‌കൂൾ സമയത്തിനുശേഷം ഒരുമണിക്കൂർ ഇവർ കൃഷിയിടത്തിലുണ്ടാവും. നേട്ടത്തിന്റെ വിഹിതം കുട്ടികൾക്കും ലഭ്യമാക്കിയാണ് പദ്ധതി. ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുക പഠനത്തിനും വീട്ടിലെ ആവശ്യത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പുകളും അവസാനഘട്ടത്തിലാണ്.
പൂക്കളും സസ്യങ്ങളുംകൊണ്ട് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതും പരിഗണനയിലുണ്ട്. ഇതുവഴി കുട്ടികളെ ജോലി അഭ്യസിക്കുന്നതിനൊപ്പം അവരിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുമാകും. പൂക്കൾകൊണ്ട് മാലകോർത്ത് വിൽക്കാനാണ് തീരുമാനം. പച്ചക്കറി, ചെടി തൈവിൽപ്പന ഉടൻ ആരംഭിക്കും. ഫോൺ: 9447259294.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..