കോട്ടയം
കോട്ടയം കേന്ദ്രീകരിച്ച്, സാഹിത്യരംഗത്ത് പ്രവർത്തനമാരംഭിച്ച സാഹിത്യപ്രവർത്തക സഹകരണസംഘം എന്ന മഹാപ്രസ്ഥാനം എന്നും എം ടി വാസുദേവൻനായർക്ക് പ്രിയപ്പെട്ടതായിരുന്നു. കാലം, മഞ്ഞ്, രണ്ടാമൂഴം തുടങ്ങിയ അദ്ദേഹത്തിന്റെ സുപ്രധാന കൃതികളുടെയെല്ലാം പ്രസാധകരായിരുന്നു എസ്‌പിസിഎസ്. തുടക്കകാലംമുതൽ എസ്‌പിസിഎസുമായി എം ടി അടുപ്പം സൂക്ഷിച്ചു.
""നിങ്ങൾ എന്റെ പുസ്‌തകം പ്രസിദ്ധീകരിക്കണമെന്ന് ഞാൻ ഏതെങ്കിലും പ്രസാധകരോട് അങ്ങോട്ടുചെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് എസ്‌പിസിഎസിനോട് മാത്രമാണ്.'' ഒരിക്കൽ എം ടി പറഞ്ഞ ഈ വാക്കുകൾ എസ്‌പിസിഎസിന് എന്നും അഭിമാനത്തോടെ ഓർക്കാവുന്നതാണ്. അദ്ദേഹത്തിന്റെ കൃതികൾ എസ്‌പിസിഎസിനും സാഹിത്യരംഗത്ത് വലിയ സ്ഥാനം നേടിക്കൊടുക്കുന്നതിൽ സഹായകമായിട്ടുണ്ട്.
ഏതാനും വർഷംമുമ്പ് എസ്‌പിസിഎസ് എറണാകുളത്ത് "കൃതി'എന്ന പേരിൽ വിപുലമായ പുസ്‌തകമേള സംഘടിപ്പിച്ചപ്പോൾ ഫെസ്‌റ്റിവൽ ഡയറക്ടറായത് എം ടി വാസുദേവൻനായരായിരുന്നു. മേളയ്‌ക്ക് മികച്ച ആശയങ്ങൾ അദ്ദേഹം സംഭാവനചെയ്‌തു.
എസ്‌പിസിഎസിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന എഴുത്തുകാരൻ കാരൂർ നീലകണ്‌ഠപിള്ളയുമായി വലിയ അടുപ്പമായിരുന്നു എം ടിക്ക്. കാരൂരിനെ കാണാനും വരാറുണ്ടായിരുന്നു. എസ്‌പിസിഎസുമായുള്ള അടുപ്പം ആരംഭിച്ചതും കാരൂർ വഴിയായിരുന്നു. എം ടി ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. കോട്ടയത്തുനിന്ന് ഇറങ്ങിയിരുന്ന "പ്രസന്നകേരളം' എന്ന മാസികയുടെ ഒരു വിശേഷാൽപ്രതി എങ്ങനെയോ എം ടിയുടെ കൈയിലെത്തി. അതിൽ അന്നത്തെ ഒട്ടുമിക്ക എഴുത്തുകാരുടെയും ചിത്രങ്ങളുണ്ടായിരുന്നു. എം ടി ആ ചിത്രങ്ങൾ വെട്ടിയെടുത്ത് അടുത്തടുത്തായി ഒട്ടിച്ച് ഫ്രെയിംചെയ്‌ത് വീട്ടിൽവച്ചു. ആ ചിത്രങ്ങളിൽ കാരൂരും പൊൻകുന്നം വർക്കിയും ഉണ്ടായിരുന്നു. ഒപ്പം ഉള്ളൂരും ജി ശങ്കരക്കുറുപ്പും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..