10 September Tuesday
ഓക്‌സിജന്‌ വിപുല സൗകര്യങ്ങൾ

നിലയ്‌ക്കില്ല പ്രാണവായു

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021

വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഓക്സിജന്‍ സിലിന്‍ഡറുകള്‍

 കേന്ദ്രീകൃത ഓക്സിജൻ സംവിധാനം ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രണ്ടാംനിര ആശുപത്രികളിൽതന്നെ ഏർപ്പെടുത്തിയതോടെ ഗ്രാമീണ മേഖലയിലടക്കം ഓക്‌സിജൻ സുലഭമായി. ജില്ലയിലെ ആശുപത്രികൾക്ക് ആവശ്യമായ 800 വലിയ ഓക്‌സിജൻ  സിലിണ്ടറുകളുടെ ശേഖരം ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. പുതുതായി വാങ്ങിയവയും വാടകയ്ക്ക് എടുത്തവയും വ്യവസായ വകുപ്പിൽനിന്ന് ഏറ്റെടുത്ത് മെഡിക്കൽ ആവശ്യത്തിനായി മാറ്റം വരുത്തിയവയും ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ വിതരണം ഏകോപിപ്പിക്കുന്നതിന് കലക്ടറേറ്റിൽ ഓക്‌സിജൻ വാർറൂമും പ്രവർത്തിക്കുന്നു. 

  കോട്ടയം മെഡിക്കൽ കോളേജിൽ മിനിറ്റിൽ 2000 ലിറ്റർ  ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റും കോട്ടയം ജില്ലാ ആശുപത്രിയിൽ 150 ലിറ്റർ ശേഷിയുള്ള പ്ലാന്റും ഗുരുതരരോഗം ബാധിച്ചവർക്ക് ചികിത്സ നൽകാൻ ഉപകരിച്ചു. 1000 ലിറ്റർ ശേഷിയുള്ള മൂന്ന് ഓക്‌സിജൻ പ്ലാന്റുകൾ ഉഴവൂർ, പാലാ, ചങ്ങനാശേരി ആശുപത്രികളിലും ഉടൻ സജ്ജമാകും. ജില്ലയിലെ രണ്ടു കോവിഡ് ആശുപത്രികളും ഏഴ് സെക്കൻഡ് ലൈൻ പരിചരണ കേന്ദ്രങ്ങളും സ്വന്തമായി ഉൽപാദിപ്പിക്കുന്ന ഓക്സിജൻകൊണ്ട് പ്രവർത്തിക്കുന്ന നിലയിലേക്ക്‌ എത്തുകയാണ്‌. 
   വീട്ടിലും സിഎഫ്എൽടിസികളിലും ചികിത്സയിലിരിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സംസ്ഥാനത്ത് ആദ്യമായി സിഎഫ്എൽടിസികൾ കേന്ദ്രീകരിച്ച് ഓക്‌സിജൻ കോൺസൻട്രേറ്റർ മെഷീനുകൾ സജ്ജമാക്കിയത് കോട്ടയം ജില്ലയിലാണ്. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ ഓക്സിജൻപാർലർ മണർകാട് സിഎഫ്എൽടിസിയിൽ മെയ് നാലിന് പ്രവർത്തനമാരംഭിച്ചു.  
  ജില്ലയിലെ ഏഴ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലും 23 സിഎഫ്എൽടിസികളിലും മിനിറ്റിൽ 10 ലിറ്റർ (93 ശതമാനം) ഓക്‌സിജൻ അന്തരീക്ഷ വായുവിൽനിന്ന് തന്നെ ലഭ്യമാക്കുന്ന 35 കോൺസൺട്രേറ്ററുകൾ കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്നും ലഭ്യമാക്കിയിട്ടുണ്ട്. 
  വാഴൂർ പഞ്ചായത്തിൽ വാഹനത്തിൽ ഓക്‌സിജൻ കോൺസൺട്രേറ്റർ രോഗികളുടെ വീട്ടിലെത്തിച്ച് ചികിത്സ നൽകുന്ന "ഓക്‌സിവാൻ' സംവിധാനവുമുണ്ട്. ഇത്തരം മൊബൈൽ ഓക്‌സിജൻ പാർലർ പദ്ധതി നടപ്പാക്കാൻ തയ്യാറുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ ലഭ്യമാക്കാൻ കാരിത്താസ് ആശുപത്രി സന്നദ്ധ അറിയിച്ചിട്ടുണ്ട്. 
 കലക്ടറുടെ നിർദേശപ്രകാരം മലനാട് ഡെവലപ്മെന്റ്‌ സൊസൈറ്റി 1.4 കോടി രൂപയുടെ ഒരു ഓക്‌സിജൻ റീഫില്ലിങ്‌ പ്ലാന്റ്‌ കാഞ്ഞിരപ്പള്ളിയിൽ ഉടൻ ആരംഭിക്കും. അന്തരീക്ഷ വായുവിൽനിന്ന് ഓക്‌സിജൻ ആഗിരണംചെയ്ത്  സിലിണ്ടറുകളിലേക്കുനിറച്ച് നൽകുന്ന പ്ലാന്റാണിത്. ഇത് പ്രവർത്തനക്ഷമമായാൽ ഓരോ ദിവസവും മറ്റു ജില്ലകളിൽപോയി ഓക്‌സിജൻ ശേഖരിക്കേണ്ട സാഹചര്യം ഒഴിവാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top