27 December Friday

"യെവന്‍ ചില്ലറക്കാരനല്ല" ആള് പുപ്പുലി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
വാഴൂര്‍
കണ്ണു മൂടിക്കെട്ടിയാല്‍ വാഴൂര്‍ ടിപി പുരം രണ്ടുപ്ലാക്കല്‍ ജോസുകുട്ടി എല്‍ബിന്‍ എന്ന ആറാം ക്ലാസുകാരന്‍ വേറെ ലെവലാകും. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് അവാര്‍ഡ് ജേതാവായി മാറുകയാണ് ഈ മിടുക്കന്‍. കണ്ണുകള്‍ മൂടിക്കെട്ടി വേഗത്തില്‍ 10 സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ ധരിച്ചാണ് റെക്കോര്‍ഡ് നേടിയത്. ഇറ്റലിക്കാരനായ റോക്കോ മെര്‍ക്കുറിയോ 2022-ല്‍ സ്ഥാപിച്ച 13.25 സെക്കന്‍ഡ് നേട്ടമാണു ജോസുകുട്ടി 11.56 സെക്കന്‍ഡില്‍ തിരുത്തിയത്‌. 
   പീരുമേട് മരിയഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗിന്നസ് സുനില്‍ ജോസഫിന്റെ  മുഖ്യനിരീക്ഷണത്തിലായിരുന്നു പ്രകടനം. കണ്ണുകെട്ടി സൂചിയില്‍ നൂല്‍ കോര്‍ക്കൽ, ബോള്‍ബാലന്‍സിങ്, വിവിധ വസ്തുക്കള്‍ തിരിച്ചറിയൽ, ഷൂ പെയറിങ്, കറൻസി നോട്ടുകൾ തിരിച്ചറിയൽ ഇവയെല്ലാം അനായാസം ചെയ്യുന്നതാണ് ഈ മിടുക്കന്റെ ഹോബി. രണ്ടു മിനിറ്റില്‍ കണ്ണുകെട്ടി സ്‌കേറ്റിങ് നടത്തുകയും പാട്ട് പാടിക്കൊണ്ട് 42 സൂചിയില്‍ നൂല്‍ കോര്‍ത്ത് മുമ്പ്‌ യുആര്‍എഫ് ലോക റെക്കോർഡും നേടി. 
    ടാലന്‍ഡ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഈ മിടുക്കന്‍ ഇടം നേടിയിട്ടുണ്ട്. വാഴൂര്‍ എസ്‌വി ആർവി എന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. നിരവധി ടി വി ചാനലിന്റെ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. 
   എല്‍ബിന്‍, ലിജിത ദമ്പതികളുടെ മകനാണ്. ജോസഫൈൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്. കണ്ണുകെട്ടി കുറഞ്ഞ സമയത്തിനുള്ളില്‍ പഴങ്ങള്‍ തിരിച്ചറിഞ്ഞ് റെക്കോർഡ്‌ ഇടാനുള്ള ശ്രമത്തിലാണ് ജോസുകുട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top