കോട്ടയം
കായലിലൂടെ ഹൗസ് ബോട്ടിലും ചെറുതോടുകളിലൂടെ ശിക്കാര വള്ളത്തിലുമുള്ള യാത്ര. കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും അടക്കമുള്ള രുചികൾ. വീണ്ടും ക്രിസ്മസും പുതുവത്സര രാവും അടിപൊളിയാക്കാൻ കുമരകം സഞ്ചാരികളെ കാത്തിരിക്കുന്നു.
ഹോട്ടലുകളും റിസോർട്ടുകളും കെട്ടിടങ്ങളും പൂന്തോട്ടങ്ങളും മോടിപിടിപ്പിക്കുന്ന തിരക്കിലാണ്. തുടർച്ചയായുള്ള മഴയും കാറ്റും ഏൽപ്പിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ രണ്ട് മാസത്തോടെ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം സംരംഭകർ.
മൺസൂൺ ടൂറിസത്തിന് സഞ്ചാരികൾ എത്തേണ്ടിയിരുന്ന സമയത്താണ് പ്രകൃതിക്ഷോഭം തടസ്സമായത്. ഇതോടെ പത്ത് ശതമാനം ഹൗസ് ബോട്ടുകൾ മാത്രമാണ് നീറ്റിലിറങ്ങിയത്. കുമരകത്ത്100ൽപ്പരം ഹൗസ് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. റിസോർട്ടുകളിൽ വിദേശികളുടെ ബുക്കിങ് ആരംഭിച്ചു. 24 റിസോർട്ടുകളിലായി 900 മുറികളുണ്ട്. കുമരകം, കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവിടങ്ങളിലാണ് ഹൗസ്‌ബോട്ടുകൾ. കൂടാതെ മോട്ടോർ ബോട്ടുകൾ, നൂറോളം ശിക്കാരവള്ളങ്ങൾ, 20 ലേറെ പ്രീമിയം ഹോംസ്‌റ്റേ എന്നിവയും സജ്ജമായി. കോടിമതയിലെ സർക്കാർ സർവീസ് ബോട്ട് യാത്ര ആസ്വദിക്കാൻ വിദേശികൾ ഉൾപ്പെടെ എത്തുന്നുണ്ട്. വേമ്പനാട്ട് കായലിൽ പോളശല്യം വർധിച്ചത് പ്രതിസന്ധിയാകുമോയെന്ന ആശങ്കയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..