ചങ്ങനാശേരി
എടാ മോനേ ഞാൻ മോഹൻലാൽ ആണ്, നീ വരച്ച ചിത്രം കണ്ടു. അഭിനന്ദനങ്ങൾ. ഫോർ കെ സാങ്കേതികമികവോടെ വീണ്ടും റിലീസ് ചെയ്‌ത ദേവദൂതൻ സിനിമയിൽ ലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തിന്റെ ചിത്രം ആണ് ശ്രീരാജ് ചോക്ക് മാത്രം ഉപയോഗിച്ച് വരച്ചത്. ചിത്രം വരച്ച രീതിയും മോഹൻലാലിന്റെ ഫോൺ വിളിയും ചേർത്ത് ശ്രീരാജ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോയും നിരവധിയാളുകൾ കണ്ടു.
രാഷ്ട്രീയ സാമൂഹ്യ നേതാക്കളെയും ചലച്ചിത്ര താരങ്ങളെയും മറ്റും അരിമണി ഉപയോഗിച്ച് വരച്ച് ശ്രീരാജ് പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ദേവദൂതനിലെ ചിത്രം ചോക്ക് ഉപയോഗിച്ച് മൂന്നു ദിവസങ്ങളിലായാണ് തീർത്തത്. തലമുടി മുതൽ ലഭിക്കുന്ന എല്ലാ നിർമിത വസ്തുതുക്കളും ഉപയോഗിച്ചും ശ്രീരാജ് ചിത്രം വരയ്‌ക്കാറുണ്ട്. ഇത്തിത്താനം ചിറവും മുട്ടം രഞ്ജിത്ത് ഭവനിൽ രാധാകൃഷ്ണൻ നായരുടെയും മണിയമ്മയുടെ നാല് മക്കളിൽ ഇളയവനാണ് ശ്രീരാജ്. ആർഎൽവി കോളേജിൽനിന്നാണ് ചിത്രരചന പഠിച്ചത്. സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസായ വി ആർ ബി ഭവനിൽ സ്ഥാപിക്കുന്നതിന് അരിമണിയിൽ തീർത്ത ഇഎംഎസിന്റെ ചിത്രം ശ്രീരാജ് ജില്ലാ സെക്രട്ടറി എ വി റസലിന് കൈമാറിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..