29 October Tuesday
അതിദരിദ്രർക്ക് ഒരു പശു യൂണിറ്റ്

പുഞ്ചിരിവിടരട്ടെ പാൽപോലെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
കോട്ടയം
സർക്കാർ സഹായത്തോടെ പശുവളർത്തി അതിദാരിദ്രത്തെ മറികടക്കാൻ കുടുംബങ്ങൾ. ക്ഷീരവികസന വകുപ്പ്‌ മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിൽ അതിദരിദ്ര പട്ടികയിലുൾപ്പെട്ട കുടുംബങ്ങൾക്ക് പശു വളർത്തലിലൂടെയാണ്‌ ജീവിതം പച്ചപിടിപ്പിക്കാൻ സാഹചര്യം ഒരുക്കിയിരിക്കുന്നത്‌. അതിദരിദ്രർക്ക് ഒരു പശു യൂണിറ്റ് പദ്ധതിയിൽ ജില്ലയിൽ ഗുണഭോക്താക്കളായത് 18 കുടുംബങ്ങൾ. ഇതുവരെ പദ്ധതിയിലൂടെ 17 ലക്ഷത്തിലധികം രൂപ ജില്ലയിൽ ഗുണഭോക്താക്കൾക്ക് കൈമാറി. 
അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവന മാർഗമെന്ന നിലയിൽ പദ്ധതി ജില്ലയിൽ വിജയകരമായി മുന്നോട്ട് പോകുന്നു. 2022ലാണ്‌ ജില്ലയിൽ പദ്ധതി ആരംഭിച്ചത്‌. 2022–-2023ൽ എട്ടുപേർക്ക് പശുവിനെ നൽകി. ആദ്യവർഷം പദ്ധതിയുടെ ഗുണഭോക്താക്കളായവരെല്ലാം വനിതകളുമായിരുന്നു. പദ്ധതിയിലൂടെ കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉണ്ടാക്കാൻ സാധിച്ചതോടെ അടുത്തവർഷവും തുടർന്നു. 2023–-- 2024ൽ ഒമ്പതുപേരാണ്‌ ഗുണഭോക്താക്കളായത്‌. 2024–2025വർഷത്തെ ഗുണഭോക്താക്കളെ കണ്ടെത്തി പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. ഒരാൾക്ക്‌ തുകയും കൈമാറി. മുൻ വർഷങ്ങളിലെ ഗുണഭോക്താക്കൾക്ക് തുടർസഹായങ്ങളും അനുവദിക്കുന്നുണ്ട്‌.  
അതിദരിദ്രർക്ക്‌ പശുവിനെ വാങ്ങാനും വളർത്താനുമാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്‌. ഗുണഭോക്താവ് 1,06,000 രൂപ മുടക്കി ഒരു പശു യൂണിറ്റ് തുടങ്ങുമ്പോൾ 90ശതമാനം സബ്‌സിഡിയും അനുവദിക്കും. 95,400രൂപയാണ്‌ സബ്‌സിഡി തുകയായി സർക്കാർ നൽകുന്നത്‌. മുൻകൂർ തുക മുടക്കാൻ ഗുണഭോക്താവിന്‌ സാധിക്കാത്ത സാഹചര്യത്തിൽ ക്ഷീരസംഘംവഴി തുക ചെലവഴിച്ച്‌ പദ്ധതി പൂർത്തീകരിക്കാം. പിന്നീട് സബ്‌സിഡി തുക സംഘത്തിന്‌ സർക്കാർ നൽകും. പദ്ധതി വിജയകരമായി മുന്നോട്ട്‌ കൊണ്ടുപോകുന്ന സാഹചര്യത്തിൽ അടുത്തവർഷം തുടർസഹായം എന്ന നിലയിൽ 8,100 രൂപയും നൽകുന്നുണ്ട്‌. ഒരുവർഷത്തെ കാലിത്തീറ്റയ്‌ക്കും മരുന്നുകൾക്കും മറ്റുമായി അനുവദിക്കുന്ന തുകയാണിത്. ബ്ലോക്ക്‌ തലത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top