29 October Tuesday

വയോജന കമീഷൻ രൂപീകരിക്കും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് നിർമിച്ച വൃദ്ധസദനത്തിന്റെ പുതിയ കെട്ടിടം മന്ത്രി ഡോ. ആർ ബിന്ദു 
ഉദ്ഘാടനംചെയ്യുന്നു

പെരുവ
സംസ്ഥാനത്ത് വയോജന കമീഷൻ രൂപീകരിക്കാൻ സാമൂഹ്യ നീതി വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് സാമൂഹ്യ നീതി വകുപ്പ് വൃദ്ധസദനത്തിനായി പണികഴിപ്പിച്ച പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  വയോജനങ്ങൾക്കെതിരായി അതിക്രമങ്ങളും പീഡനങ്ങളും  സംസ്ഥാനത്ത് കൂടിവരുന്നതിനാൽ വയോജന കമീഷൻ അനിവാര്യമാണെന്നും, ‘തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ’ എന്നാണ് വകുപ്പിന്റെ മുദ്രാവാക്യം എന്നും മന്ത്രി പറഞ്ഞു. 
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. നിലവിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിന് സ്ഥലപരിമിതിയും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും മൂലം 25 പേർക്ക്‌ മാത്രമേ താമസിക്കാൻ കഴിയൂ. അതിനാൽ  മുളക്കുളം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിന് വിട്ടുനൽകിയ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പാണ് പുതിയ വൃദ്ധമന്ദിരം നിർമിച്ചത്‌. നൂറ് അന്തേവാസികൾക്ക് താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നിർമാണ ചെലവ്. സാമൂഹ്യനീതി അസിസ്റ്റന്റ്‌ ഡയറക്ടർ പ്രീതി വിൽസൺ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, മുളക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോസഫ്, ബ്ലോക്ക് മെമ്പർമാരായ കെ കൈലാസ് നാഥ്, സുബിൻ മാത്യു, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ,  ജില്ലാ സാമൂഹ്യനീതി ഓഫീസർ പി പ്രദീപ്  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top