കോട്ടയം
വള്ളംകളിയിൽ ആനവണ്ടിക്ക് എന്തു കാര്യമെന്നോ? അധികം ചിന്തിക്കണ്ട, ആനവണ്ടിക്കും കാര്യമുണ്ട്. ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റുട്രോഫി വള്ളംകളി കാണാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നു. കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് വിവിധ ജില്ലകളിൽനിന്നും പ്രത്യേക സർവീസുകൾ ക്രമീകരിക്കുന്നത്. ബസിൽ യാത്ര ചെയ്ത് ആലപ്പുഴയിലെത്തി പുന്നമടക്കായലിലെ വള്ളംകളി കാണും വിധമാണ് യാത്രാപരിപാടി. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര. ഇതിനായി വിവിധ ഡിപ്പോകളിൽ ചാർട്ടേഡ് ബസുകൾ ഒരുക്കും. 1500 രൂപയുടെ റോസ് കോർണർ, 500 രൂപയുടെ വിക്ടറി ലൈൻ എന്നീ കാറ്റഗറികളിലുള്ള നെഹ്‌റു ട്രോഫിയുടെ ടിക്കറ്റുകളാണ് ലഭിക്കുക. ഇത് കൂടാതെ വള്ളംകളിയുടെ ടിക്കറ്റ് നേരിട്ടെടുക്കാനായി ആലപ്പുഴ ഡിപ്പോയിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ തരം പാസുകൾ ഇവിടെനിന്നും ലഭിക്കും. ആലപ്പുഴയിലെ ഏഴ് ഡിപ്പോകളും കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലാ കേന്ദ്രങ്ങളും ഉൾപ്പെടുത്തി ടിക്കറ്റ് വിൽപ്പന ഉണ്ടാകും. 9846475874 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് പേര്, ടിക്കറ്റ് ക്യാറ്റഗറി, ആളുകളുടെ എണ്ണം എന്നീ വിവരങ്ങൾ മെസ്സേജ് ആയി അയച്ചാൽ ലഭിക്കുന്ന ക്യൂആർ കോഡിലേക്ക് ഓൺലൈനായി പണമടച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്യാം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..