27 December Friday

ചാലിയർ നെയ്‌തെടുത്ത കുന്ന്‌

അജിൻ ജി നാഥ്‌Updated: Friday Aug 30, 2024

ചാലുകുന്ന്‌

കോട്ടയം
കോട്ടയം നഗരത്തിൽ കോട്ടയം–-കുമരകം പാതയിൽ സിഎംഎസ്‌ കോളേജ്‌ കഴിഞ്ഞുള്ള പ്രധാന ജങ്‌ഷനാണ്‌ ചാലുകുന്ന്‌. കോട്ടയം നഗരം കുന്നുകളാൽ ചുറ്റപ്പെട്ടാണ്‌ ഉണ്ടായത്‌. അണ്ണാൻകുന്ന്‌, തിരുനക്കരക്കുന്ന്‌, ചാലുകുന്ന്‌, വയസ്‌ക്കരക്കുന്ന്‌, കീഴുക്കുന്ന്‌ തുടങ്ങിയ കുന്നുകളാണ്‌ നഗരത്തിനു ചുറ്റുമുള്ളത്‌. തളിയിൽകോട്ട ആസ്ഥാനമായി ഭരിച്ച തെക്കുംകൂർ രാജവംശത്തിന്റെ ഭാഗമായിരുന്നു പണ്ട്‌ കോട്ടയം നഗരം. നഗരത്തിലെ അന്നത്തെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്‌ ചാലുകുന്ന്‌. പതിനേഴാം നൂറ്റാണ്ടിലോ പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ തെക്കൂംകൂർ രാജകുടുംബത്തിന്‌ ആവശ്യമായ വസ്‌ത്രങ്ങൾ നെയ്യുന്നതിനായി കണ്ണൂർ ചിറയ്‌ക്കൽ ദേശത്തുനിന്നും ചാലിയ വിഭാഗത്തിലെ തൊഴിലാളികളെ രാജാവ്‌ ഇവിടേയ്‌ക്ക്‌ കൊണ്ടുവന്നു. അവരെ താമസിപ്പിച്ചത്‌ തിരുനക്കരക്കുന്നിനും അണ്ണാൻകുന്നിനും ഇടയ്‌ക്കുള്ള കുന്നിലായിരുന്നു. അങ്ങനെ ചാലിയർ താമസിക്കുന്ന കുന്ന്‌ ചാലിയകുന്നെന്ന്‌ അറിയാൻ തുടങ്ങി. പിന്നീട്‌ ഇത്‌ ലോപിച്ച്‌ ചാലുകുന്നുമായി എന്ന്‌ കരുതപ്പെടുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളികൾക്ക്‌ പഞ്ഞി എത്തിച്ചിരുന്ന ചെട്ടികൾ തമ്പടിച്ച ഇടം പിന്നീട്‌ ചെട്ടിത്തെരുവായി, ഇത്‌ ഇന്നത്തെ സിഎസ്ഐ സഭാ ആസ്ഥാനം നിലനിൽക്കുന്ന സ്ഥലത്തായിരുന്നു എന്നും കരുതപ്പെടുന്നു.
 പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ തിരുവിതാംകൂർ തെക്കുംകൂർ രാജ്യം പിടിച്ചടക്കി. പത്തൊമ്പെതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവ്‌ ചാലുകുന്നും അണ്ണാൻകുന്നും അടങ്ങുന്ന പ്രദേശങ്ങൾ മിഷനറി പ്രവർത്തനത്തിന്‌ വിട്ടുനൽകി. അതിനുശേഷവും കുറച്ചുകാലം ഇത്‌ ചാലിയക്കുന്ന്‌ എന്നു തന്നെ അറിയപ്പെട്ടിരുന്നു. പിന്നീട്‌ പറഞ്ഞു പഴകി ചാലുകുന്നായി മാറി എന്നാണ്‌ കഥ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top