പാലാ
"കുഴിച്ചിട്ടാൽ പുഴുതിന്നും, കത്തിച്ചുകളഞ്ഞാലോ ചാരമാകും. മരണശേഷം ശരീരംവെറുതെ കളയുന്നത് ശരിയല്ല. അത് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ നൽകിയാൽ വരുംതലമുറയ്ക്ക് ഉപകാരപ്പെടും. കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രത്തിന് പ്രചോദനമായ ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് എന്ന കുരുവിനാക്കുന്നേൽ കുറുവച്ചന്റെ വാക്കുകളാണിത്. മരണശേഷം ശരീരം കോട്ടയം മെഡിക്കൽ കോളേജിന് വിട്ട് നൽകാനുള്ള തീരുമാനം അറിയിച്ചുള്ള സമ്മതപത്രം അദ്ദേഹം അധികൃതർക്ക് കൈമാറി. കോട്ടയം മെഡിക്കൽ കോളേജിൽ ഭാര്യ മറിയമ്മയോടൊപ്പം എത്തിയാണ് കുറുവച്ചൻ പ്രിൻസിപ്പലിന് സമ്മതപത്രം കൈമാറിയത്. സമീപകാലത്തുണ്ടായ ഹൃദയാഘാതത്തിൽനിന്ന് മുക്തനായി വരുന്നതിനിടെയാണ് കുറുവച്ചന്റെ തീരുമാനം. മക്കളായ ഔസേപ്പച്ചന്റെയും റോസ്മേരിയുടെയും അനുവാദത്തോടെയാണ് തീരുമാനമെന്നും കുറുവച്ചൻ പറഞ്ഞു. ഇടമറ്റം കുരുവിനാക്കുന്നേൽ വീട്ടിൽ വിശ്രമ ജീവിതത്തിലാണിപ്പോൾ.
കടുവ എന്ന സിനിമയിൽ കുര്യച്ചൻ എന്ന കഥാപാത്രമാണ് ജോസിന്റെ ജീവിതം പ്രശസ്തമാക്കിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ ഉൾക്കൊണ്ട മറ്റൊരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..