23 December Monday
പുനർസംയോജന പദ്ധതി

തടസ്സം നീങ്ങി, നദികൾ ഒഴുകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024
കോട്ടയം
മണ്ണടിഞ്ഞും മറ്റും കുപ്പിക്കഴുത്തായി മാറിയ തോടുകളും നദികളും ജലസംഭരണികളായി പരന്ന്‌ ഒഴുകുകയാണ്‌ നാട്ടിൽ. തടസ്സമായി നിന്നതെല്ലാം ജനകീയ കൂട്ടായ്‌മയിലൂടെ മാറ്റിയെടുത്തപ്പോൾ ജലാശയങ്ങൾക്ക്‌ ലഭിച്ചത്‌ പുതുജീവൻ. നാടിന്റെ അതിജീവനത്തിന്‌ കരുത്തായ മീനച്ചിലാർ -–-മീനന്തറയാർ- –-കൊടൂരാർ നദി പുനർസംയോജന പദ്ധതി രൂപീകരിച്ചിട്ട്‌ ഏഴുവർഷം പൂർത്തിയാകുമ്പോൾ ചരിത്രത്തിൽ ഇടംനേടിയ പ്രവർത്തനങ്ങൾ പറയാനേറെ. 
2017 ആഗസ്‌ത്‌ 28ന്‌ അന്ന്‌ ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത പദ്ധതി അഭൂതപൂർവമായ ജനകീയ മുന്നേറ്റമാകുകയായിരുന്നു. ഇതിന്റെ ഭാഗമായി 5650 ഏക്കർ തരിശുനിലങ്ങളിൽ നെൽകൃഷി മടങ്ങിയെത്തി. 1650 കിലോമീറ്റർ നീളത്തിൽ കൈവഴികളും തോടുകളും തെളിച്ചെടുത്തു. ലോകശ്രദ്ധ ആകർഷിച്ച മലരിക്കൽ ആമ്പൽ വസന്തം ഉൾപ്പടെ അഞ്ച്‌ ജലടൂറിസം കേന്ദ്രങ്ങൾ രൂപപ്പെടുത്തി. ജലാശയങ്ങളിലേക്ക്‌ മാലിന്യമൊഴുക്കിയ കുഴലുകൾ നീക്കം ചെയ്യുന്ന പദ്ധതിക്ക് ആദ്യമായി രംഗത്തിറങ്ങി. തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി തോടുകൾ ശുചീകരിച്ചതിന് രണ്ടുതവണയാണ്‌ ദേശീയ ജലശക്തി പുരസ്കാരം ജില്ലയ്ക്ക് ലഭിച്ചത്‌. 
പ്രളയരഹിത കോട്ടയം പദ്ധതിയിലൂടെ ജലവകുപ്പ് വേമ്പനാട്ട്‌ കായലിലേക്കുള്ള ആറ്‌ ശാഖകൾ നവീകരിച്ചത് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്‌ സഹായകമായി. മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കം ചെയ്ത് എക്കലും മണ്ണും വെള്ളൂരിൽ ആരംഭിക്കുന്ന കേരളാ റബർ ലിമിറ്റഡിന്റെ ഭൂമി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിന്‌ വലിയ സാധ്യതയാണ്‌ നൽകുന്നത്. മീനച്ചിലാറിന്റെ വീതി കുറഞ്ഞുപോയ സ്ഥലങ്ങളിൽ കൈയേറ്റത്തിനിരയായ സ്ഥലങ്ങളാണ്‌ ഇപ്രകാരം തിരിച്ചുപിടിച്ച് പുഴ വീണ്ടെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി നൂറിലധികം ജനകീയ കൂട്ടായ്മകൾ പലയിടങ്ങളിലായി പ്രവർത്തിക്കുന്നു. കട്ടച്ചിറതോട് നവീകരിച്ചതിന്റെ തുടർച്ചയായി കടപ്പൂർ–- കൂടല്ലൂർ കേന്ദ്രമാക്കി ആറാമത്തെ ഗ്രാമീണ ടൂറിസം കേന്ദ്രം കൂടി ആരംഭിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top