22 November Friday

ഈ പാവയ്‌ക്ക മധുരിക്കും
 ഇവരുടെ ജീവിതംപോലെ

ജ്യോതിമോൾ ജോസഫ്‌Updated: Saturday Aug 31, 2024

ശശിധരനും ഭാര്യ ചന്ദ്രികയും കൊച്ചുമക്കളായ വൈഗ, ആര്യൻ എന്നിവർക്കൊപ്പം പാവൽ തോട്ടത്തിൽ

കോട്ടയം
‘‘എനിക്കിവര്‌ കുഞ്ഞുങ്ങളെപ്പോലാ... ഞങ്ങളെപ്പോഴും അവരുടെ കൂടെത്തന്നെ ’’ വെറുംവാക്കല്ലിത്‌. 55 വർഷത്തോളമായി ശശിധരൻ അങ്ങനെതന്നെയാണ്‌. മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ നെല്ലിത്താനത്തുമല തറപ്പുതൊട്ടിയിൽ ശശിധരനും ഭാര്യ ചന്ദ്രികയ്‌ക്കും മണ്ണാണ്‌ ജീവിതം. അതിലെ വിളവാണ്‌ അവരുടെ ജീവിതമധുരം. കൃഷി ഉപജീവനമാർഗമാക്കിയ ദമ്പതികൾക്കൊപ്പം   കൊച്ചുമക്കൾ വൈഗയും ആര്യനും കൂടെ ചേർന്നു. 
 
  കുന്നിൻമുകളിലെ 
  പറുദീസ
നെല്ലിത്താനത്തുമലയിലെ വീടും കൃഷിയിടവും പേരുപോലെ മലമുകളിൽ തന്നെ. പാറക്കെട്ടുകൾക്കിടയിൽ സമൃദ്ധമാക്കിയെടുത്ത കൃഷിയിടവും നടുവിൽ നൂറ്റാണ്ടിനുമേൽ പഴക്കമുള്ള വീടും. ഒരേക്കർ പുരയിടത്തിലെ 80 സെന്റിലും വിളകൾ. 30 സെന്റിൽ നിറയെ പൂത്തുകായ്‌ച്ചിരിക്കുന്നു നാടൻപാവൽ. ഈ പാവലിലാണിപ്പോൾ ഇവരുടെ മധുരം. സീസണിൽ രണ്ടുഘട്ടങ്ങളിലായി എടുക്കുന്നത്‌ ഒന്നരടൺ പാവയ്‌ക്ക. നാലുദിവസം കൂടുമ്പോൾ വിളവെടുപ്പ്‌. പരിചരണവും ജൈവവളവും നൽകുന്നത്‌ മികച്ചവിളവ്‌. കീടങ്ങളെ തുരത്താൻ ഈച്ചക്കെണിയും. ജൂൺമുതൽ സെപ്‌തംബർവരെയാണ് പാവൽകൃഷി. പിന്നെ പയറിന്റെ ഊഴം. ഒന്നിടവിട്ട ദിവസങ്ങളിൽ പയറും മികച്ചവിളവ്‌ നൽകും. നൂലിൽ പടർന്നുകയറി ആർത്തുകായ്‌ക്കുന്ന പയറിന്‌ പുകയില കഷായമാണ്‌ രക്ഷാമാർഗം. 
 
  നിറയും മണ്ണും മനവും
 
പാവലും പയറും മാത്രമല്ല ഇഞ്ചി, മഞ്ഞൾ, വാഴ, ചേന, ചേമ്പ്‌, കാച്ചിൽ, കപ്പ എന്നിങ്ങനെ ആകെ ഹരിതാഭയും പച്ചപ്പും. ഉണക്ക കപ്പയാണ്‌ മറ്റൊരു പ്രധാനി. പാറപ്പുറത്തിട്ട്‌ ഉണങ്ങിയെടുക്കുന്ന കപ്പയ്‌ക്ക്‌ ആവശ്യക്കാരേറെ. കോട്ടയം ചുള്ളിയാണ്‌ ഇനം.  കഴിഞ്ഞ സീസണിൽ കിലോയ്‌ക്ക്‌ 100രൂപ കണക്കിൽ 600കിലോ വിറ്റു. 
കുടുംബശ്രീ നാട്ടുചന്ത വഴിയും കൃഷിയിടത്തിൽനിന്നുള്ള വിഭവങ്ങൾ വിറ്റഴിക്കുന്നു. കുടുംബശ്രീയുടെ ജ്യോതിക ജെഎൽജിയിൽ നൈപുണ്യ അയൽക്കൂട്ടം അംഗമാണ് ചന്ദ്രിക.   പരമ്പരാഗത രീതികൾ കൊണ്ട് മാത്രം കൃഷിക്ക് രക്ഷയില്ലെന്നാണ് ഇവരുടെ ഭാഷ്യം. 
കാലത്തിനും കാലാവസ്ഥയ്‌ക്കും അനുസരിച്ചു സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള മാറ്റങ്ങൾ വേണം. കൃഷി ഓഫീസർ ഡെന്നിസ് ജോർജ്, സിഡിഎസ് ചെയർപേഴ്സൺ ഉഷ ഹരിദാസ്, അഗ്രി സിആർപി രേഷ്മ അലൈഷ്‌ലാൽ എന്നിവരിൽനിന്നുള്ള നിർദേശങ്ങൾ ഗുണകരമാകുന്നെന്ന്‌ ദമ്പതികൾ പറഞ്ഞു. 20–--ാംവയസ്സിൽ കൃഷി ജീവവായുവാക്കിയ ശശിധരനിപ്പോൾ 74 . ‘എല്ലാത്തിനും ചന്ദ്രിക മുന്നിൽനിന്നു, അതാണീ കാണുന്നതൊക്കെയും’ ഒരുനിമിഷം പോലും അടങ്ങിയിരിക്കാതെ മണ്ണിൽ പണിയെടുക്കുന്ന ഭാര്യയെ ചൂണ്ടി അദ്ദേഹമത്‌ പറയുമ്പോൾ ഇരുവരിലും പുഞ്ചിരി വിടർന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top