കോട്ടയം
കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാംകവാടം നവംബർ ആദ്യവാരം തുറക്കാൻ റെയിൽവേ ഉന്നതതല യോഗം തീരുമാനിച്ചു. കവാടത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്തും. തോമസ് ചാഴികാടൻ എംപി ആയിരിക്കേ മുൻകൈ എടുത്ത് തുടങ്ങിയ പ്രവൃത്തികളാണ് പൂർണതയിലെത്തുന്നത്. രണ്ടാംകവാടത്തിന് സമീപം കടന്നുപോകുന്ന ഒഴത്തിൽ ലെയ്‌ൻ റോഡിന് സമീപം താമസിക്കുന്നവർക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാം. സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തും. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള പുതിയ മേൽപ്പാലം ഏതാനും ദിവസങ്ങൾക്കകം തുറന്നുകൊടുക്കും. രണ്ടാം പ്രവേശന കവാടത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയുടെ നിർമാണം രണ്ടാഴ്ചക്കകം പൂർത്തിയാക്കും. സ്റ്റേഷന്റെ പടിഞ്ഞാറ് വശത്ത് രണ്ടാംപ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാലം സ്റ്റേഷന്റെ മുൻവശത്തെ റോഡിലേക്ക് നീട്ടുന്നത് പരിഗണിക്കും. മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേകമുറി സജ്ജീകരിക്കും.
വിവിധ സ്റ്റേഷനുകളിലെ
വികസന നിർദേശങ്ങൾ
ചിങ്ങവനം
പുതിയ പ്ലാറ്റ്ഫോം നിർമിക്കുന്നതിന്റെ സാധ്യതാപഠനം നടത്തും. എറണാകുളം മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്നത് പ്രത്യേകം പരിഗണിക്കും.
കുമാരനല്ലൂർ
ലെവൽ ക്രോസിങ്ങിൽ ആളുകൾക്ക് കയറിയിറങ്ങാവുന്ന വിധത്തിൽ പുതിയ മേൽനടപ്പാലം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. മെമുവിന് സ്റ്റോപ്പ് പരിഗണിക്കും.രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുമ്പോൾ ഒരു മീറ്റർ വീതിയിൽ പൊതുജനങ്ങൾക്ക് നടപ്പാത ഒരുക്കും.
ഏറ്റുമാനൂർ
പുതിയ ലിഫ്റ്റ്, ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലം സ്ഥാപിക്കും. ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേഷനാക്കി മാറ്റുന്നത് പരിഗണിക്കും. വഞ്ചിനാട് എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, കായംകുളം –- എറണാകുളം മെമു എന്നിവ നിർത്തുന്നത് പരിഗണിക്കും.
കുറപ്പന്തറ
എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ്ഫോം നീട്ടും. റെയിൽവേ ഓവർബ്രിഡ്ജ് നിർമാണ തടസങ്ങൾ നീക്കും.
കടുത്തുരുത്തി
കായംകുളം –- എറണാകുളം പാസഞ്ചർ, കൊല്ലം എറണാകുളം മെമു എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കും
വൈക്കം റോഡ്
വൈക്കത്ത് അഷ്ടമിയോടനുബന്ധിച്ച് വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. പാർക്കിങ് സ്ഥലം സംബന്ധിച്ച തർക്കം പരിഹരിക്കാൻ റെയിൽവേ, റവന്യു എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും.
പിറവം റോഡ്
ലിഫ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. താന്നിപ്പള്ളി അടിപ്പാത നിർമിക്കുന്നതിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി, റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽയാൽ, എംഎൽഎമാർ എന്നിവർ പങ്കെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..