നാദാപുരം
വയനാട് ദുരന്തത്തോടൊപ്പം വിലങ്ങാടിനെയും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് കേന്ദ്ര ദുരന്തനിവാരണ സംഘം. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇ കെ വിജയൻ എംഎൽഎയുടെ ആവശ്യപ്രകാരമാണ് വയനാട്ടിലെ പരിശോധനക്കുശേഷം കേന്ദ്രസംഘം ശനി ഉച്ചയോടെ വിലങ്ങാട് എത്തിയത്. വൻ നാശമുണ്ടായ മഞ്ഞച്ചീളി, വായാട്, മുച്ചങ്കയം, പന്നിയേരി, പലൂർ, മാടാഞ്ചേരി, മലയങ്ങാട്, ആലിമൂല എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. സംസ്ഥാന ദുരന്തനിവാരണ സംഘവും ഒപ്പമുണ്ടായിരുന്നു.
ബിൽഡിങ് റിസർച്ച് ഓർഗനൈസേഷൻ ഡയറക്ടർ പ്രദീപ്‌കുമാർ, ഐഐടി പ്രൊഫസർ ഡോ. കുനങ്കോ, സിഡിആർഐ കൺസൾട്ടന്റ് അജയ്കുമാർ, കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് എന്നിവരാണ് സംഘത്തിലുള്ളത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കെ കെ ഇന്ദിര, പഞ്ചായത്ത് അംഗങ്ങളായ ഷാജൂ പ്ലാക്കൽ, എം കെ മജീദ്, ജാൻസി കൊടിമരത്തുംമൂട്ടിൽ, പി ശാരദ, ഡെപ്യൂട്ടി തഹസിൽദാർ ഇ കെ ഷാജി, രാഷ്ട്രീയ പാർടി നേതാക്കളായ എൻ പി വാസു, കെ പി രാജീവൻ, രാജു അലക്സ് എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..