18 November Monday
അന്താരാഷ്ട്ര വയോജന ദിനം ഇന്ന്‌

നിർമൽകുമാറിന്റെ പ്രായം മറന്നേക്കൂ

ശ്രീനിവാസൻ ചെറുകുളത്തൂർUpdated: Tuesday Oct 1, 2024

ഇ കെ നിർമൽ കുമാർ

കുന്നമംഗലം 
വെള്ളിപറമ്പ് ആറേ രണ്ടിലെ ഇരട്ടക്കുളങ്ങര ഇ കെ നിർമൽ കുമാർ അറുപത്തിയൊന്നിന്റെ ചെറുപ്പത്തിലും മെഡൽവേട്ട തുടരുകയാണ്‌.  ദീർഘദൂര ഓട്ട മത്സരങ്ങളിൽ ഒന്നാമതായി ഓടിയെത്തി  മെഡലുകൾ വാരിക്കൂട്ടിയ ഈ  അധ്യാപകന്‌ മുന്നിൽ പ്രായം അടിയറവ്‌ പറഞ്ഞിട്ട്‌ നാളേറെയായി. 2020 മെയ് 31ന് മലപ്പുറം മുണ്ടക്കുളം സിഎച്ച്എംകെഎം യുപി  സ്‌കൂളിൽനിന്ന് വിരമിച്ച നിർമൽ കുമാർ,  25 കിലോമീറ്റർ അകലെയുള്ള വെള്ളിപറമ്പിലെ വീട്ടിലേക്ക് ഓടിയാണ്‌ എത്തിയത്‌. അതിനുശേഷം  ദീർഘദൂര ഓട്ടമത്സരത്തിൽ കൂടുതൽ  സജീവമായി. മാരത്തൺ ഓട്ട മത്സരങ്ങളിൽ 60 ലധികം മെഡലുകൾ നെഞ്ചേറ്റി. കേരളത്തിനുപുറമേ കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടന്ന മത്സരങ്ങളിൽ മെഡൽ നേടി. 2021 ലെ ജില്ലാ മാസ്റ്റേഴ്സ് മീറ്റിൽ 800 മീറ്ററിൽ ഒന്നാം സ്ഥാനം, മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ 10,000 കിലോമീറ്ററിൽ രണ്ടുതവണ ഒന്നാം സ്ഥാനം, 2022ൽ അഞ്ച് കിലോമീറ്ററിൽ രണ്ടാം സ്ഥാനം, 2022ൽ ബേപ്പൂർ ഫെസ്റ്റ് സീനിയർ മാരത്തണിൽ ഒന്നാം സ്ഥാനം, ഐഐഎമ്മും എഡബ്ല്യുഎച്ചും സംഘടിപ്പിച്ച മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്‌.
1985ൽ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ  ‘മിസ്റ്റർ ആർട്സ് കോളേജാ’യിരുന്നു. തടി കുറയ്‌ക്കാനായി സ്‌ലോ റണ്ണിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ്‌ മാരത്തണിൽ ആകൃഷ്ടനായത്‌. സിപിഐ എം വെള്ളിപറമ്പ് ആറേ രണ്ട് വെസ്റ്റ് ബ്രാഞ്ചംഗമായ ഇദ്ദേഹം പെൻഷനേഴ്സ് യൂണിയൻ കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി അംഗവും സീനിയർ സിറ്റിസൺസ് വെൽഫെയർ ഫ്രൻഡ്‌സ്‌ അസോസിയേഷൻ കുന്നമംഗലം മേഖലാ കമ്മിറ്റി അംഗവുമാണ്. ഭാര്യ: സുഭാഷിണി. മക്കൾ: ഇ കെ സുബിൻ (അമേരിക്കയിലെ ലോവ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥി),  രാഗാസ് (ഹൈദരാബാദിൽ പി ജി വിദ്യാർഥി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top