കോഴിക്കോട്
സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപറേഷൻ നേതൃത്വത്തിൽ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്‌തു. കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ ശാക്തീകരണവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് ഭിന്നശേഷി സ്വയംസഹായ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുമെന്ന് അവർ പറഞ്ഞു. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തൽ, അവ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കൽ എന്നിവ പ്രാവർത്തികമാക്കി ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്ന ഒന്നായി ശൃംഖല മാറും.
130 പേർക്ക് ഉപകരണങ്ങൾ വിതരണംചെയ്തു. 25,000 രൂപ വീതം സ്ഥിര നിക്ഷേപം ലഭിച്ച 25 വിദ്യാർഥികളും ഉൾപ്പെടും. ബഗ്ഗീസ്, തെറാപ്പി മാറ്റ്, തെറാപ്പി ബോൾ, സി പി വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ, ഹോൾഡിങ് വാക്കർ, റിക്ലൈനിങ് വീൽചെയർ, ഹൈടെക് നീക്യാപ്, സി പി വുഡ്ഡൻ ചെയർ, കൃത്രിമ കാൽ എന്നിവയാണ് വിതരണംചെയ്‌തത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ് സബീന ബീഗം, സംസ്ഥാന സാമൂഹ്യനീതി അഡ്വൈസറി ബോർഡ് അംഗം പി എസ് സുഹീത, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി എന്നിവർ സംസാരിച്ചു. സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയഡാളി സ്വാഗതവും എംഡി കെ മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..