05 October Saturday

"മലർവാടി'യിലെ സ്പെഷ്യൽ ചിരി

സ്വന്തം ലേഖകൻUpdated: Tuesday Oct 1, 2024

പൂക്കൾ ചിരിക്കട്ടെ അനുയാത്ര സ്പെഷ്യൽ അങ്കണവാടി പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളിലെത്തിയ കുട്ടികളുടെ സംഗമം 'മലർവാടി' ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി ആർ ബിന്ദു സ്വീകരിക്കാനെത്തിയ കുഞ്ഞുഹർഷനൊപ്പം സെൽഫി എടുക്കുന്നു ഫോട്ടോ: വി കെ അഭിജിത്

കോഴിക്കോട്‌
ഓടിച്ചാടി കൈയിൽ ബൊക്കെയുമായി കുഞ്ഞുഹർഷൻ വേദിയിൽ മന്ത്രി ആർ ബിന്ദുവിന്‌ അരികിലേക്കെത്തി. ചുവന്ന പനിനീർ പൂക്കൾ മന്ത്രിക്ക്‌ നൽകി അതിജീവനത്തിന്റെ പ്രകാശമൊഴുകുന്ന നിറചിരി സമ്മാനിച്ച്‌ ആറുവയസ്സുകാരൻ തിരികെ നടന്നപ്പോൾ സദസ്സിൽ കൈയടി നിറഞ്ഞു. നിവർന്നുനടക്കാൻപോലും പ്രയാസം നേരിട്ടിടത്തുനിന്ന്‌ ചെറുവണ്ണൂർ കരിമ്പാടം സ്പെഷ്യൽ അങ്കണവാടിയിലെ പരിശീലനത്തിലൂടെയാണ്‌ ഹർഷൻ നടന്നുതുടങ്ങിയത്‌. സർക്കാർ കൈപിടിച്ച്‌ പുതിയ തീരങ്ങളിലേക്ക്‌ ചിറകടിച്ചുയർന്ന കുരുന്നുകളുടെ ആഹ്ലാദനിമിഷങ്ങൾക്ക്‌ സാക്ഷിയായി സ്പെഷ്യൽ അങ്കണവാടിയിൽനിന്ന്‌ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളുടെ സംഗമം.
‘മലർവാടി' എന്ന പേരിൽ നടന്ന സംഗമം കണ്ടംകുളം മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സ്‌മാരക ജൂബിലി ഹാളിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്‌തു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ഭിന്നശേഷി കുട്ടികൾക്ക്‌ പ്രീ -സ്‌കൂൾ പ്രായത്തിലേ പ്രത്യേക പരിശീലനം ലഭ്യമാക്കുന്ന ‘സ്പെഷ്യൽ അങ്കണവാടി’യിലൂടെ പൊതുവിദ്യാലയങ്ങളിൽ എത്തിയ കുട്ടികളാണ്‌ സംഗമത്തിൽ പങ്കെടുത്തത്‌. ആടിയും പാടിയും താളമിട്ടും അവർ ഉത്സവാന്തരീക്ഷം തീർത്തു.
ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സമഗ്രപദ്ധതിയായ ‘അനുയാത്ര'യുടെ കീഴിലാണ്‌ സ്പെഷ്യൽ അങ്കണവാടികൾ. സംസ്ഥാനത്തെ പൈലറ്റ്‌ പദ്ധതിയായാണ്‌ ജില്ലയിൽ നടപ്പാക്കിയത്‌. ആറുവയസ്സുവരെയാണ് പ്രവേശനം. ഇതുവരെ 1460 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ എത്തിയത്‌.
21 ഐസിഡിഎസ്‌ പ്രോജക്ടുകളിലായി 75 സ്പെഷ്യൽ അങ്കണവാടികളിലായി പരിശീലനം നൽകുന്ന 25 സ്പെഷ്യൽ എഡ്യുക്കേറ്റർമാർക്ക്‌ മന്ത്രി ഉപഹാരം നൽകി. ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ മികവ് തിരിച്ചറിഞ്ഞ്‌ ലക്ഷദ്വീപിൽ നിന്നെത്തി കോഴിക്കോട്ടെ അങ്കണവാടിയിൽ പ്രവേശനം നേടിയ കെ മുഹമ്മദ് സെയിമിനെയും മന്ത്രി അനുമോദിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളുണ്ടായി. കേരള സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ എച്ച് ദിനേശൻ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ അഞ്ജു മോഹൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ് സബീന ബീഗം, എം പി മുജീബ് റഹ്മാൻ, സഹീർ, ഡോ. ടി സി സൗമ്യ എന്നിവർ സംസാരിച്ചു.
 
സ്‌പെഷ്യൽ അങ്കണവാടി പദ്ധതി 
സംസ്ഥാനമാകെ നടപ്പാക്കും: മന്ത്രി ആർ ബിന്ദു
കോഴിക്കോട്‌
ഭിന്നശേഷി കുട്ടികൾക്കായുള്ള സ്‌പെഷ്യൽ അങ്കണവാടി പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മാതൃകാ പദ്ധതി കോഴിക്കോട്‌ വൻ വിജയമായതിനാൽ ഈ വർഷം തന്നെ മറ്റൊരു ജില്ലയിൽക്കൂടി നടപ്പാക്കും. തുടർന്ന്‌ അടുത്ത വർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. സ്പെഷ്യൽ അങ്കണവാടിയിൽനിന്ന്‌ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളുടെ സംഗമം ‘മലർവാടി' കോഴിക്കോട് മുഹമ്മദ്‌ അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  സമൂഹത്തിൽ ഒന്നാമത്തെ പരിഗണന നൽകേണ്ടത് ഭിന്നശേഷി കുട്ടികൾക്കാണ്.  അതിനായി നിരന്തര ബോധവൽക്കരണം നടത്തുകയാണ്. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന അവസ്ഥയിലേക്ക് സമൂഹം മാറണമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top