നാദാപുരം
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് 20 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി പാലോള്ള പറമ്പത്ത് പി പി മുഹമ്മദ് നജീറി(29)നെയാണ് നാദാപുരം ഡിവൈഎസ്‌പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. ചെക്യാട് താനക്കോട്ടൂർ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവൻ തട്ടിയെടുത്തെന്ന പരാതിയിൽ കുറ്റ്യാടി സ്റ്റേഷനിൽ പ്രതിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പരാതിക്കാരും അറസ്റ്റിലായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
പഴയ ആഭരണങ്ങൾക്കുപകരം പുതിയത് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ച് സ്വർണാഭരണവുമായി മുങ്ങിയത്. തുടർന്ന് യുവതി നൽകിയ പരാതിയിൽ ഇൻസ്റ്റഗ്രാം ഐഡിയുടെ ഉടമ ഷംനാദ് എന്നയാൾക്കെതിരെ വളയം പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ ഷംനാദ് എന്ന പേരും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന സ്വർണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തിയ യുവാവ്, വില കൂടിയതും അപൂർവവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങൾക്ക് പകരം ഇവ നൽകാമെന്നുമായിരുന്നു ഇൻസ്റ്റഗ്രാം വഴി യുവതിക്ക് വാഗ്ദാനം നൽകിയത്. ആഭരണങ്ങൾ നൽകാമെന്ന് ഉറപ്പുനൽകിയ യുവതി വീടിന് പരിസരത്ത് എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് എത്തുകയും ആഭരണങ്ങൾ വാങ്ങിക്കുകയും പകരം പണമടങ്ങിയ ബാഗ് എന്നുപറഞ്ഞ് ഗിഫ്റ്റ് നൽകുകയുംചെയ്തു. വീട്ടിലെത്തി ഗിഫ്റ്റ് നൽകിയ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പണത്തിനുപകരം ഹൽവയും 100 രൂപയുടെ മിഠായിയും നൽകി വഞ്ചിച്ചതാണ് എന്ന് മനസ്സിലായത്.
വടകര പൊലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ സമാനമായ പരാതിയിൽ കേസ് ഉണ്ടായിരുന്നെങ്കിലും പ്രതി പരാതിക്കാരിക്ക് പണം നൽകി കേസ് പിൻവലിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..