05 December Thursday

വളരാം ആരോഗ്യത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Dec 1, 2024

കുറ്റ്യാടി ജിഎച്ച്‌എസ്‌എസിൽ നടന്ന ‘ഊർജിത കൗമാരം’ പരിശീലന ക്യാമ്പിൽനിന്ന്‌

കോഴിക്കോട്‌
കുട്ടികളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശരിയായ ജീവിതക്രമം പരിചയപ്പെടുത്താനും ‘ഊർജിത കൗമാരം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌. വ്യായാമവും സംഗീതവും ഭാഷയും വായനയും ചേരുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക്‌ ജില്ലയിൽ തുടക്കമായി. ട്രാഫിക് നിയമങ്ങളെക്കുറിച്ചും പരിചയപ്പെടുത്തുന്ന പദ്ധതി ജില്ലാ പഞ്ചായത്തിനുകീഴിലെ 40 ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ നടപ്പാക്കുന്നത്‌. പുതിയ കാലത്തെ വെല്ലുവിളി മറികടക്കാനും ലഹരിയോടും അനാരോഗ്യകരമായ ശീലങ്ങളോടും നോ പറയാനും കുട്ടികളെ സന്നദ്ധമാക്കുകയാണ്‌ ലക്ഷ്യം. വിവിധവിഷയങ്ങളിൽ കുട്ടികൾക്കുള്ള പരിശീലനം ജനുവരിയിൽ പൂർത്തിയാകും.
എട്ടുമുതൽ 11 വരെ ക്ലാസുകളിലെ കുട്ടികളാണ്‌ പദ്ധതിയുടെ ഭാഗമാകുന്നത്‌. ആരോഗ്യ ചിന്തകൾ, റോഡിൽ പാലിക്കേണ്ട നിയമങ്ങൾ, യോഗ, എയറോബിക്സ് തുടങ്ങിയവയാണ്‌ സിലബസിലുള്ളത്‌. സ്വതന്ത്രവായന പ്രോത്സാഹിപ്പിക്കാൻ ‘എന്റെ ഭാഷ എന്റെ സംസ്കാരം’ പേരിൽ സെഷനുമുണ്ട്‌. സംഗീതത്തിലൂടെ ജീവിതകാലഘട്ടങ്ങൾ പരിചയപ്പെടുത്താൻ ‘പടയണി’ നാടൻപാട്ട് സെഷനും ഉൾപ്പെടുത്തി. വിദ്യാലയത്തിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികൾക്ക്‌ ക്ലസ്റ്റർതല ക്യാമ്പുകൾ സംഘടിപ്പിച്ച്‌ ഇവയിൽ പരിശീലനം നൽകും. ഇവർ സ്‌കൂളിലെത്തി മുഴുവൻ വിദ്യാർഥികൾക്കും പ്രസ്‌തുത വിഷയങ്ങളിൽ ക്ലാസെടുക്കും. ജനുവരി അവസാന വാരം കുട്ടികളുടെ സംഗമവും സംഘടിപ്പിക്കും. 
നാല്‌ വിദ്യാലയങ്ങളിലെ 80 വിദ്യാർഥികൾ വീതമാണ്‌ ക്ലസ്റ്ററിലെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുക. പൊലീസ്‌, ആയുഷ്‌ വിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ്‌ ക്ലാസ്‌.  പദ്ധതിയുടെ ജില്ലാ ഉദ്‌ഘാടനം കുറ്റ്യാടി ജിഎച്ച്‌എസ്‌എസിൽ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ്  റഫീഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിഷ പുരുഷോത്തമൻ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ  കോ ഓർഡിനേറ്റർ വി പ്രവീൺകുമാർ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ  ഇസഡ് എ അൻവർ ഷമീം, ടി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. പി കെ സുനിത സ്വാഗതവും  ടി എസ് അശ്വതി നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top