കോഴിക്കോട്
അതിതീവ്ര മഴപെയ്‌ത കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കോടികളുടെ കൃഷിനാശം. മഴ ശക്തമായ വെള്ളി മുതൽ ചൊവ്വ വരെ 8.81 കോടി രൂപയുടെ നഷ്‌ടമാണ് കാർഷികമേഖലയിലുണ്ടായത്. 1266 ഹെക്‌ടറിലെ കൃഷിനശിച്ചു. 3850 കർഷകർ ദുരിതബാധിതരായി.
ഏറ്റവും കൂടുതൽ മഴ ലഭിച്ച ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വലിയ പ്രഹരം. 1105 ഹെക്ടർ കൃഷിഭൂമിയാണ് കാലവർഷപ്പെയ്‌ത്തിൽ നശിച്ചത്. ഈ ദിവസങ്ങളിൽ മാത്രം 2.21 കോടി രൂപയുടെ നഷ്‌ടമുണ്ടായി. തിങ്കൾ രാവിലെ 8.30 മുതൽ 5.30വരെ 50.2 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. സമീപ ദിവസങ്ങളിലെ വലിയ അളവാണിത്.
വാഴകൃഷിയിലാണ് നഷ്‌ടം കൂടുതൽ. 1136.90 ഹെക്‌ടറിലെ കുലച്ച വാഴകളും 5.67 ഹെക്ടറിലെ കുലയ്‌ക്കാത്ത വാഴകളും നിലംപൊത്തി. ഏതാണ്ട് ആറുകോടി രൂപയുടെ നഷ്‌ടം. 61.07 ഹെക്ടറിലെ 1832 തെങ്ങും 35.70 ഹെക്ടറിലെ 2099 അടയ്‌ക്കയും മഴയെടുത്തു. ജൂലൈ 15 മുതൽ 29 വരെ 7.76 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. മിന്നൽ ചുഴലിയുണ്ടായ 23, 24 തീയതികളിലെ നഷ്‌ടവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടുദിവസത്തെ മഴയിലാണ് നഷ്‌ടം കൂടിയത്.
മിന്നൽ ചുഴലിയിൽ
42 ലക്ഷത്തിന്റെ കൃഷിനാശം
മിന്നൽ ചുഴലിയുണ്ടായ 23, 24 തീയതികളിൽ 42 ലക്ഷം രൂപയുടെ കൃഷിനാശം. 330 കർഷകർക്കാണ് നഷ്‌ടമുണ്ടായത്.
13 ഹെക്ടർ പ്രദേശത്തെ തെങ്ങ്, പ്ലാവ്, വാഴ, റബ്ബർ, അടക്ക, കുരുമുളക്, നെല്ല് തുടങ്ങിയ കൃഷിയാണ് നശിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..