നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച അധ്യാപകൻ മഞ്ഞച്ചീളിയിലെ കുളത്തിങ്കൽ മാത്യു എന്ന മത്തായിക്ക് നാടിന്റെ അന്ത്യാഞ്ജലി. വ്യാഴം രാവിലെ 10.30ഓടെയാണ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ചൊത്തുള്ളപൊയിൽ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്. മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് മൃതദേഹം പുറത്തെടുത്തത്.
എഡിഎം അൻവർ സാദത്ത്, ഡിവൈഎസ്‌പി എ പി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂന്നരയോടെ മഞ്ഞക്കുന്ന് സെന്റ് അൽഫോൺസ ചർച്ചിൽ പൊതുദർശനത്തിന് വച്ചു.
നൂറുകണക്കിനുപേർ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലും ചർച്ചിലും എത്തി. വൈകിട്ട് അഞ്ചോടെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിച്ചു. ജോസ് കെ മാണി എംപി, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ഏരിയാ സെക്രട്ടറി പി പി ചാത്തു, ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, താമരശേരി അതിരൂപതാ ബിഷപ്പുമാർ റെമിഞ്ചിയോസ് ഇഞ്ചനാനിയേൽ, റൂറൽ എസ്‌പി അരവിന്ദ് സുകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി സുരയ്യ, കെ പി പ്രദീഷ്, രജീന്ദ്രൻ കപ്പള്ളി, എൽജെഡി ജില്ലാ പ്രസിഡന്റ് എം കെ ഭാസ്കരൻ, സെൽമാ രാജു എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..