22 December Sunday

വിലങ്ങാട് ഉരുൾപൊട്ടിയത് ഇരുപതിലേറെ തവണ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

വിലങ്ങാട് പാനോം റോഡിൽ ഉരുൾപൊട്ടലിലെത്തിയ ഭീമൻ പാറ

നാദാപുരം 
വിലങ്ങാട് മലയോരത്ത് വിവിധയിടങ്ങളിലായി ഉരുൾപൊട്ടിയത് ഇരുപതിലേറെ തവണ. അടിച്ചിപാറ, മലയങ്ങാട്, പാനോം, പെരിയ വനമേഖല, കുറ്റല്ലൂർ, പന്നിയേരി, മഞ്ഞച്ചീളി എന്നിവിടങ്ങളിലാണ് ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായത്. മേഖലയിൽ 500 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാന്ന് റവന്യു വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. കൃത്യമായ കണക്ക്‌ കൃഷി, റവന്യു, പൊതുമരാമത്ത്, പഞ്ചായത്ത് വകുപ്പുകൾ ശേഖരിച്ച്‌ വരികയാണ്. വടകര എഡിഎം അൻവർ സാദത്താണ് നഷ്ടം സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടത്. കെഎസ്ഇബിക്ക് കോടികളുടെ നഷ്ടമുണ്ടായി. മുന്നൂറിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു. എച്ച്ടി ലൈനുകൾ ഉൾപ്പെടെയാണ് തകർന്നത്. 
പുഴയോരത്തെ കർഷകരുടെ കാർഷികവിളകൾ പൂർണമായും നശിച്ചു. മേഖലയിലെ റോഡുകൾ പൂർണമായും തകർന്നുകിടക്കുകയാണ്. വിലങ്ങാട് -പാനോം സെന്റ്‌ ജോർജ് പള്ളിക്ക് സമീപത്തെ പ്രധാനപാതയുടെ പകുതിയോളം പുഴയെടുത്തു. റോഡ് ഗതാഗതം താറുമാറായതോടെ മലയോര മേഖലയുമായുള്ള ബന്ധം പൂർണമായും നിലച്ചു. 
പാലങ്ങൾ പുഴയെടുത്തതോടെ താൽക്കാലിക സംവിധാനമൊരുക്കിയാണ് ജനങ്ങൾ വീടുകളുടെ നിലവിലെ അവസ്ഥ കാണാനെത്തിയത്. താലൂക്കിലെ വിവിധ വൈദ്യുതി ഓഫീസുകളിൽനിന്നായി എക്സിക്യുട്ടീവ് എൻജിനിയർമാർ, സബ് എൻജിനിയർമാർ എന്നിവരുടെ നേതൃത്വത്തിൽ 150ലധികം ജീവനക്കാർ മേഖലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. വിലങ്ങാട് ടൗൺ ഭാഗത്ത്‌ ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിച്ചു. ജില്ലയുടെ ദുരന്തനിവാരണ ചുമതല വഹിക്കുന്ന ടി പി രാമകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗം വയർലസ് സംവിധാനമൊരുക്കി ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മേഖലയിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വിലക്കുണ്ടെങ്കിലും വിലക്കുകൾ ലംഘിച്ചും ആളുകൾ എത്തിച്ചേരുന്നത് ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top