ഫറോക്ക്
പ്രൈമറി വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതി ഫറോക്ക് കരുവൻതിരുത്തി ജിഎംഎൽപി സ്കൂളിൽ തുടങ്ങി. പ്രൈമറി തലം മുതൽ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകി പൂർണ കായികക്ഷമതയുള്ള തലമുറയെ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്നതാണ് ലക്ഷ്യം. തുടക്കത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ മാത്രം നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതിയനുസരിച്ച് കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ ക്ലാസ് മുറികളിലും പാർക്കിലും കായികോപകരണങ്ങൾ സജ്ജീകരിച്ചു.
അടിസ്ഥാന ചലനനൈപുണികൾ, താളാത്മക ചലനങ്ങൾ, നാച്വറൽ പ്ലേ, കിഡ്സ് യോഗ, ശാരീരിക ഏകോപന ശേഷികൾ, സഹകരണ ശേഷികൾ, ട്രഷർ ഹണ്ട്, ഒബ്സ്റ്റക്കിൾ റേസ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന ഉപകരണങ്ങളാണിത്.
കായിക പ്രവർത്തനങ്ങളിലൂടെ മാത്രം ഫലം ലഭിക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടുന്ന "സ്മാർട്ട് ഗെയിം റൂം’ പദ്ധതിയിലുണ്ട്. സാമൂഹ്യജീവിതത്തിനുള്ള അടിസ്ഥാന പാഠങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ഹെൽത്തി കിഡ്സ് സിലബസ്. ഓരോ കുട്ടിയുടെയും ദിവസേനയുള്ള പ്രവർത്തനമികവറിയാൻ റിയൽ ടൈം ഓൺലൈൻ ട്രെയ്നിങ് ആപ്പുമുണ്ട്. എട്ടുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നഗരസഭാധ്യക്ഷൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷനായി. പദ്ധതിയുടെ സംസ്ഥാന മേധാവി ഹരി പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..