കോഴിക്കോട്
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാർക്കിന്റെ നവീകരണത്തിനായി 2.19 കോടി രൂപയുടെ പദ്ധതികൾക്ക് വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഓപ്പൺ എയർ തിയറ്റർ, ബയോ പാർക്കിനകത്തെ കല്ലുപാകിയ നടപ്പാത, റെയിൻ ഷെൽട്ടറുകൾ, കുട്ടികളുടെ പാർക്ക്, ചുറ്റുമതിൽ, മരംകൊണ്ടുള്ള ചെറുപാലങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, കവാടം എന്നിവ നവീകരിക്കും. കൂടാതെ പാർക്കിൽ സിസിടിവി കാമറ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികളും കുടുംബവും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എത്തുന്ന ഇടമാണ് ഈ ജൈവ ഉദ്യാനം. പ്രഭാതസവാരിക്കും വ്യായാമത്തിനുമായും ധാരാളം ആളുകൾ സമയം ചെലവഴിക്കുന്നു. ഇക്കാര്യം കണക്കിലെടുത്താണ് നവീകരണം നടത്തുക. തുരുമ്പെടുത്തതും പൊട്ടിയതുമായ ഇരിപ്പിടങ്ങൾ, കേടായ വിളക്കുകാലുകൾ എന്നിവ നന്നാക്കുകയും ആവശ്യമായ ഭാഗങ്ങളിൽ പുതിയ വിളക്കുകാലുകൾ സ്ഥാപിക്കുകയും ചെയ്യും. ഓപ്പൺ സ്റ്റേജും പരിസരവും മഴ നനയാതെ ഇരിക്കാനുള്ള ചെറുതും വലുതും ആയ റെയിൻ ഷെൽട്ടറുകൾ, കഫറ്റീരിയ, അമിനിറ്റി സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ നവീകരണ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 1.74 കോടി രൂപ സരോവരം പാർക്കിന്റെ വികസനത്തിനായി ഇതിനകം ചെലവഴിച്ചു. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി സരോവരം പാർക്കിനെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി വകുപ്പ് മുന്നോട്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..