22 December Sunday

കടലുണ്ടി വാവുത്സവത്തിന് കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

കടലുണ്ടി വാവുത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത്

കടലുണ്ടി 
താളമേളക്കൊഴുപ്പിനൊപ്പം നാനാദേശങ്ങളിൽനിന്നെത്തിയ ആയിരങ്ങൾ സംഗമിച്ച കടലുണ്ടി വാവുത്സവത്തിന് കൊടിയിറങ്ങി. ഭഗവതി എഴുന്നള്ളത്തും പടകളിത്തല്ലും ദേവിയും ജാതവനുമൊന്നിച്ചുള്ള തിരിച്ചെഴുന്നള്ളത്തും കഴിഞ്ഞ്‌ ദേവിയെ കുടിയിരുത്തിയുള്ള ജാതവന്റെ മടക്കത്തോടെയായിരുന്നു പരിസമാപ്തി. വെള്ളി ഉച്ചയോടെ കടലുണ്ടി വാക്കടവ് കക്കാട്ട് കടപ്പുറത്തുനിന്നായിരുന്നു ദേവിയും മകൻ ജാതവനും ഒന്നിച്ചുള്ള തിരിച്ചെഴുന്നള്ളത്ത്.  
നാടൊന്നിച്ച് ഉത്സവത്തിന്റെ വിളംബരവുമായി ഊരുചുറ്റിയ ജാതവൻ വാക്കടവിലെത്തി ദേവിയെ കണ്ടുമുട്ടി. നീരാട്ടിനൊടുവിൽ സർവാഭരണ വിഭൂഷിതയായ ദേവിക്കൊപ്പം ജാതവനും എഴുന്നള്ളി. ആയിരങ്ങളുടെ അകമ്പടിയിലായിരുന്നു എഴുന്നള്ളത്ത്. കുന്നത്ത് തറവാട്ടിലെത്തിയതോടെ ദേവിയെ ഉപചാരപൂർവം സ്വീകരിച്ച്‌ വെള്ളരി നിവേദ്യം അർപ്പിച്ചു. ഇവിടെ പടകളിക്കണ്ടത്തിൽ പരമ്പരാഗതമായ പടകളിത്തല്ല് അരങ്ങേറി. കുന്നത്തുതറയിലെ പീഠത്തിലിരുന്നാണ് പടകളി ആസ്വദിച്ചത്.
പിന്നീട്, ദേവിയെ കറുത്തങ്ങാട്ടേയ്ക്ക് എഴുന്നള്ളിച്ചു. ഇവിടെ മണ്ണൂർ ശിവക്ഷേത്ര മേൽശാന്തി ഒരുക്കിയ വെള്ളരി നിവേദ്യം ഏറ്റുവാങ്ങി വൈകിട്ടോടെ പേടിയാട്ട്‌ കാവിലെത്തിയ ദേവിയെ വ്രതനിഷ്ഠരായ പനയമഠം തറവാട്ടുകാർ സ്വീകരിച്ചു. ആചാരാനുഷ്ഠാന കർമങ്ങൾക്കുശേഷം ദേവിയെ കാവിലെ കിഴക്കെകോട്ടയിൽ കുടിയിരുത്തി. ഇതുകണ്ട് ദുഃഖിതനായ ജാതവൻ മണ്ണൂർ കാരകളി പറമ്പിലെ കോട്ടയിലേക്ക് മടങ്ങിയതോടെ വാവുത്സവത്തിന്‌ കൊടിയിറങ്ങി.
പൊലീസും പഞ്ചായത്ത് അധികൃതരും മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഉത്സവത്തിനൊരുക്കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top