അഴിയൂർ
ഒളിമങ്ങാത്ത ഒഞ്ചിയം സമരധീരതയുടെ ഓർമകൾ ജ്വലിക്കുന്ന മണ്ണിൽ സിപിഐ എം ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു. 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായി ശനി, ഞായർ ദിവസങ്ങളിലായി ചോമ്പാലിൽ നടക്കുന്ന സമ്മേളനത്തിന്റെ പതാക–-കൊടിമര-–- ദീപശിഖ ജാഥയെ രക്തസാക്ഷി ഗ്രാമം ആവേശപൂർവം വരവേറ്റു.
ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽനിന്ന് ആർ ഗോപാലന്റെ നേതൃത്വത്തിൽ പതാക ജാഥ പ്രയാണം തുടങ്ങി. രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി പതാക കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ സംസാരിച്ചു. വി പി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. കെ എം പവിത്രൻ സ്വാഗതം പറഞ്ഞു.
ഏരിയാ സെക്രട്ടറിയായിരുന്ന ഇ എം ദയാനന്ദന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് എൻ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കൊടിമര ജാഥ തുടങ്ങി. ദയാനന്ദന്റെ ഭാര്യ കെ സീത കൊടിമരം കൈമാറി. എസ്എഫ്ഐ നേതാവായിരുന്ന രക്തസാക്ഷി പി കെ രമേശന്റെ ബലികുടീരത്തിൽനിന്ന് പി രാജന്റെ നേതൃത്വത്തിലുള്ള ദീപശിഖ റാലിക്ക് തുടക്കമായി. രമേശന്റെ സഹോദരൻ പി കെ ചന്ദ്രൻ ദീപശിഖ കൈമാറി.
അത്‌ലറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ജാഥകൾ കുഞ്ഞിപ്പള്ളി കേന്ദ്രീകരിച്ച് നീങ്ങി, പൊതുസമ്മേളന വേദിയായ ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തി. കൺവീനർ എം പി ബാബു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി വി സുജിത് സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സമ്മേളന നഗരിയിൽ ദീപശിഖ തെളിച്ചു. ജാഥാ ലീഡർമാരായ ആർ ഗോപാലൻ, എൻ ബാലകൃഷ്ണൻ, പി രാജൻ എന്നിവർ സംസാരിച്ചു.
ഏരിയാ സമ്മേളനത്തിന് ശനിയാഴ്ച ചോമ്പാലിൽ തുടക്കമാവും. രണ്ടുദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം ശനി രാവിലെ 9ന് ഇ എം ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ഞായർ വൈകിട്ട് മുക്കാളി കേന്ദ്രീകരിച്ച് നടക്കുന്ന റെഡ് വളന്റിയർ മാർച്ചും ബഹുജന റാലിയും കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..