നാദാപുരം
തോരാമഴയിൽ വിലങ്ങാട് മലയോരത്തിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുന്നു. മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പിലുള്ളവരെയും കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി പട്ടികവർഗ കോളനികളിലെ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. 165 ഓളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയത്. പന്നിയേരി, കുറ്റല്ലൂർ മലയോരം ഒറ്റപ്പെട്ട നിലയിലാണ്.
ചൊവ്വാഴ്‌ചയുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശമാകെ ദുരന്തഭൂമിയായി മാറി. 25ലധികം സ്ഥലങ്ങളിലാണ് ഇവിടെ ചെറുതും വലുതുമായ ഉരുൾ പൊട്ടിയത്. മേഖലയിലേക്ക് വെള്ളിയാഴ്‌ചയാണ് പുറത്തുനിന്ന് ആളുകൾക്ക് എത്താനായത്. കാർഷികവിളകളും കടകളും പാലവുമെല്ലാം ഒലിച്ചുപോയി. കോളനികളിലെ ജനങ്ങളെ പ്രധാന പാതയിലൂടെ പുറം ലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം തകർന്നുകിടക്കുകയാണ്. പുഴ ഗതിമാറി ഒഴുകി പാലത്തിനോട് ചേർന്നുള്ള കട ഒഴുകിപ്പോയി. പാലം തകർന്നതിനാൽ പന്നിയേരി, കുറ്റല്ലൂർ, പറക്കാട് കോളനികളും പാലൂർ മാടാഞ്ചേരി വിലങ്ങാട് മേഖല എന്നിവയുമായുള്ള ബന്ധം ഇല്ലാതായി. ഈ ഭാഗങ്ങളിലെ കുടുംബങ്ങളിൽ ഭൂരിപക്ഷവും കണ്ണൂർ മേഖലയിലേക്കാണ് മാറിയത്. മരത്തടികൾ കൂട്ടിക്കെട്ടി താൽക്കാലിക സംവിധാനം ഒരുക്കിയാണ് പലരെയും നാട്ടുകാർ പുഴകടത്തി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും എത്തിച്ചത്.
ദുരിതാശ്വാസകേന്ദ്രം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശപ്രകാരം മഞ്ഞക്കുന്ന് പാരിഷ് ഹാൾ ക്യാമ്പിലുള്ളവരെ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറിയിലേക്ക് മാറ്റി. അപകടഭീഷണിയുള്ള ഭാഗത്തെ സ്ത്രീകളെയും കുട്ടികളെയും ഉടൻ മാറ്റണമെന്നും അധികൃതർക്ക് കർശന നിർദേശം നൽകി.
വെള്ളിയാഴ്ച വൈകിട്ടോടെ റവന്യു അധികൃതരും നാദാപുരം ഡിവൈഎസ്‌പിയും അഗ്നിരക്ഷാസേനയും എത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 200 കുടുംബങ്ങളിൽ നിന്നായി 900–-ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..