നാദാപുരം
ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വിലങ്ങാട് പ്രദേശം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. പകൽ പതിനൊന്നോടെ വിലങ്ങാട് ഉരുട്ടിയിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്. മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പന്നിയേരിയിലെ റോഡും ഉരുട്ടിപാലവും സമീപത്തെ വീടുകളും സന്ദർശിച്ചു. തകർന്ന വിലങ്ങാട് പാലത്തിലൂടെ സെന്റ് ജോർജ് പള്ളിക്ക് സമീപത്തെ പുഴയോരത്തെത്തി. ഫാദർ വിൽസൻ മുട്ടത്ത് കുന്നേൽ പ്രദേശത്തെ പ്രശ്‌നങ്ങൾ മന്ത്രിക്ക് മുന്നിൽ വിശദീകരിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച മാത്യു മാസ്റ്ററുടെ വീട്ടിലെത്തി ഭാര്യ ഷൈനി, മക്കളായ അജിൽ മാത്യു, അഖിൽ മാത്യു എന്നിവരെ ആശ്വസിപ്പിച്ചു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മഞ്ഞച്ചീളിയും തകർന്ന വീടുകളും കണ്ടു. മഞ്ഞക്കുന്ന് അൽഫോൺസാ ചർച്ച് പാരിഷ് ഹാളിലെത്തി ദുരിതബാധിതരെ കണ്ട് വിവരങ്ങൾ ആരാഞ്ഞു. പെരിയ വനമേഖലയിലെ ഉരുൾപൊട്ടലിൽ തകർന്ന പാനോം വായാട് പാലം, മലയങ്ങാട് എന്നിവിടങ്ങളും സന്ദർശിച്ചശേഷം വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ ദുരിതബാധിതർക്കൊപ്പം ക്യാമ്പിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്. ഇ കെ വിജയൻ എംഎൽഎ, ആർഡിഒ അൻവർ സാദത്ത്, സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു, രജീന്ദ്രൻ കപ്പള്ളി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഷാലു, ബോബി മൂക്കംതോട്ടം, എൻ പി വാസു എന്നിവർ ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..