ഡെൽനയുടെ വിദേശ ജോലി പ്രതിസന്ധിയിൽ
നാദാപുരം
"ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടു. ഇനി എന്ത് ചെയ്യണമെന്നറിയില്ല’–-വിലങ്ങാട് മഞ്ഞച്ചീളിലെ പാണ്ടിയാംപറമ്പത്ത് ഡെൽന എന്ന നഴ്‌സിങ് ബിരുദധാരിയുടെ വാക്കുകളിലുണ്ട് എല്ലാം നഷ്ടപ്പെട്ടതിന്റെ നിസ്സഹായാവസ്ഥ. വിദേശജോലിയെന്ന സ്വപ്നം പൊലിയുമോയെന്ന ആശങ്കയിലാണിപ്പോൾ. സൗദിയിൽ ജോലി ശരിയായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് തിങ്കളാഴ്ച പുലർച്ചെ വിലങ്ങാട് മലയോരത്ത് നിനച്ചിരിക്കാതെ ഉരുൾപൊട്ടലിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. മലവെള്ളം വീട്ടിലേക്ക് കുതിച്ചെത്തിയപ്പോൾ വീട്ടുകാർക്കൊപ്പം ഇറങ്ങിയോടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡെൽനയുടെ പത്താം ക്ലാസ് മുതൽ നഴ്‌സിങ് ബിരുദം വരെയുള്ള മുഴുവൻ സർട്ടിഫിക്കറ്റുകളും, ആധാർ, പാൻ തുടങ്ങിയവയും നഷ്ടമായി. ട്രാവൽ ഏജൻസിയിൽ വിസക്ക് നൽകിയ പാസ്പോർട്ടും വെരിഫിക്കേഷൻ ആവശ്യത്തിന് നൽകിയ ചില രേഖകളും മാത്രമാണ് ബാക്കിയുള്ളത്. വീട് തകർന്നതിനൊപ്പം ജോലി അവസരവും നഷ്ടമാകുമോ എന്ന ആശങ്കയിൽ കഴിയുകയാണ് വിലങ്ങാട് മഞ്ഞക്കുന്നിലെ ദുരിതാശ്വാസ ക്യാമ്പിൽ ഡെൽന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..