27 December Friday

നിറചിരിയോടെ അവ്യക്ത്‌ മടങ്ങി, ജീവിതത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2024

ചൂരൽമല ഉരുൾപൊട്ടലിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ 
കേന്ദ്രത്തിലെ ചികിത്സയിലൂടെ ജീവിതം തിരിച്ചുപിടിച്ച അവ്യക്തിനെ ആരോഗ്യപ്രവർത്തകരും 
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും യാത്രയാക്കുന്നു

 
കോഴിക്കോട് 
ഉരുൾപൊട്ടി ഒലിച്ചെത്തിയ ഭീതിയെ സ്‌നേഹത്തണലിൽ പടികടത്തി പുതുജീവിതത്തിലേക്ക്‌ ചുരം കയറി അവ്യക്ത്‌. വയനാട്‌ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒമ്പത്‌ വയസ്സുകാരൻ അവ്യക്താണ്‌ ദുരന്തത്തെ അതിജീവിച്ച്‌ തിങ്കളാഴ്‌ച ആശുപത്രി വിട്ടത്‌. 
ജീവനും സ്നേഹവും നൽകി ചേർത്തുപിടിച്ച കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന് രാവിലെയാണ്‌ അവൻ മുത്തശ്ശനും മുത്തശ്ശി‌ക്കുമൊപ്പം വയനാട്ടിലേക്ക് തിരിച്ചത്‌. യാത്രയാക്കാൻ എത്തിയവരെല്ലാം സ്നേഹസമ്മാനങ്ങളുമായി ചുറ്റും കൂടി. സുരക്ഷാ ജീവനക്കാർ സൈക്കിളാണ്‌ സമ്മാനിച്ചത്‌. ഉടുപ്പുകളും സ്കൂൾ ബാഗും പഴങ്ങളുമായി പലരുമെത്തി. എല്ലാവർക്കും അവൻ നിറചിരി തിരികെ സമ്മാനിച്ചു. 
ജൂലൈ മുപ്പതിനാണ് ഗുരുതരാവസ്ഥയിൽ അവ്യക്തിനെ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലുൾപ്പെടെ   ചെളിയും മണ്ണും എത്തിയിരുന്നു. തലയിലും കണ്ണിലും മുറിവുകളും. ജീവൻ തിരിച്ചുപിടിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. ഒരുനിമിഷംപോലും പാഴാക്കാതെ ബ്രോകോസ്കോപ്പിയിലൂടെ മണ്ണും ചെളിയും പുറത്തെടുത്തു. പന്ത്രണ്ടോളം വകുപ്പുകളുടെ ഏകോപനത്തിലൂടെ 30 ദിവസം മികച്ച ചികിത്സ നൽകിയാണ്‌ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്‌. ആദ്യഘട്ടത്തിൽ ബന്ധുക്കൾക്ക്‌ അവ്യക്തിനെ കണ്ടെത്താനായിരുന്നില്ല. ദേശാഭിമാനി ഫോട്ടോഗ്രാഫർ എം എ ശിവപ്രസാദ്‌ എടുത്ത ചിത്രമായിരുന്നു അവ്യക്തിനെ തിരിച്ചറിയാൻ സഹായകമായത്‌. അച്ഛനെയും സഹോദരിയെയും  ഉരുൾപൊട്ടൽ കവർന്നപ്പോൾ അവ്യക്തും അമ്മയുമാണ്‌ ശേഷിച്ചത്‌. ചികിത്സയിലായിരുന്ന അമ്മയും ചൊവ്വാഴ്‌ച വീട്ടിലെത്തും. 
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പ്രിൻസിപ്പൽ ഡോ. കെ ജി സജിത്ത് കുമാർ, സൂപ്രണ്ട് ഡോ.അരുൺ പ്രീത്, ഡോക്ടർമാരായ ബീന ബാഹുലേയൻ, കെ വിജയകുമാർ, കെ ടി ജയകൃഷ്ണൻ, അരവിന്ദ് എന്നിവർ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top