21 September Saturday
മാനാഞ്ചിറ–വെള്ളിമാടുകുന്ന്‌ റോഡ്‌

പ്രവൃത്തി 
3 മാസത്തിനുശേഷം

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2024
 
കോഴിക്കോട്‌
ഒന്നര പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ മാനാഞ്ചിറ–-വെള്ളിമാടുകുന്ന്‌ റോഡിന്റെ പ്രവൃത്തി മൂന്നുമാസത്തിനുശേഷം ആരംഭിക്കും. ടെൻഡർ നടപടി മൂന്നുമാസത്തിനകം പൂർത്തിയാവുമെന്നും  ടെൻഡറിനുശേഷം ഒരുവർഷം കൊണ്ട്‌ പ്രവൃത്തി പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യമെന്നും  പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതർ അറിയിച്ചു.  പ്രവൃത്തി നടത്തിപ്പിന്റെ ട്രാൻസാക്‌ഷൻ അഡ്വൈസറിയായി  കെപിഎംജി എന്ന സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. 
  137 കോടി രൂപയാണ്‌ റോഡ്‌ വികസനത്തിന്‌  പ്രതീക്ഷിക്കുന്ന ചെലവ്‌.    24 മീറ്റർ വീതിയിൽ   വികസിപ്പിക്കും. റോഡിന്റെ നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയൻ തോട്ടം നിർമിക്കും. ഇരുവശങ്ങളിലുമായി എട്ടരമീറ്റർ വീതിയിലാണ്‌ റോഡ്‌.  ഇരുവശത്തും രണ്ടുമീറ്റർ വീതിയിൽ   നടപ്പാതയുമുണ്ടാകും. അതിനിടയിൽ ഒരുമീറ്റർ വീതിയിൽ അഴുക്കുചാലും ഒരുമീറ്റർ വീതിയിൽ വൈദ്യുതി–-ടെലഫോൺ കേബിളുകൾ ഭൂമിക്കടിയിലൂടെ കൊണ്ടുപോവാനുള്ള സൗകര്യവുമുണ്ടാവും. അരമീറ്റർ വീതം ഇരുവശത്തും വൈദ്യുതി കാലുകളും മറ്റും സ്ഥാപിക്കാനുള്ള സൗകര്യവുമൊരുക്കും.
കരാർ ഏറ്റെടുക്കുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതി, സാങ്കേതിക മികവ്‌ തുടങ്ങിയവ കെപിഎംജി പരിശോധിക്കും. അവരുടെ റിപ്പോർട്ട്‌ പ്രകാരമാണ്‌ കരാറുകാരെ നിയമിക്കുക. 15 വർഷം റോഡ്‌ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കാനുള്ള ചുമതല കരാർ  കമ്പനിക്കായിരിക്കും.     
2008 ൽ നഗര നവീകരണപാതയിൽ വികസിപ്പിക്കാൻ തീരുമാനിച്ച ഏഴുറോഡുകളിലൊന്നാണ്‌ മാനാഞ്ചിറ–-വെള്ളിമാടുകുന്ന്‌ റോഡ്‌. റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ നിയമതടസ്സവും മറ്റും കാരണങ്ങളാലുമാണ്‌ സ്ഥലമേറ്റെടുക്കൽ അനന്തമായി നീണ്ടത്‌.  എരഞ്ഞിപ്പാലത്തുള്ള ഒരുസ്ഥലം ഒഴികെ ബാക്കിയുള്ള സ്ഥലങ്ങൾ  ഏറ്റെടുത്ത്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറിയിട്ടുണ്ട്‌.  സ്‌റ്റേ കാലാവധി കഴിഞ്ഞാൽ ഈ സ്ഥലം ഏറ്റെടുത്ത്‌  പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top