കോഴിക്കോട്
ചീര, മുരിങ്ങയില, ചേമ്പ്, ചേന, ചക്ക തുടങ്ങിയവ കൊണ്ട് തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുമായി സ്കൂൾ പാചകത്തൊഴിലാളികളുടെ പാചക മത്സരം. പൊതുവിദ്യാഭ്യാസ വകുപ്പാണ് "എരൂം പുളീം' എന്ന പേരിൽ ജില്ലാതലത്തിൽ മത്സരം സംഘടിപ്പിച്ചത്. വിവിധ ഉപജില്ലകളിൽനിന്നായി 17 പേരാണ് മാറ്റുരയ്ക്കാനെത്തിയത്. സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് നൽകുന്നതും വൈവിധ്യമാർന്ന നാടൻ വിഭവങ്ങളാണെന്ന് മത്സരാർഥികൾ പറഞ്ഞു.
ഒരു മണിക്കൂറിൽ പോഷകസമൃദ്ധമായ ഒരു പച്ചക്കറി വിഭവം തയ്യാറാക്കുന്നതായിരുന്നു മത്സരം. വള്ളിയാട് ഈസ്റ്റ് എൽപി സ്‌കൂളിലെ പാചകത്തൊഴിലാളി പി ശോഭ ഒന്നാം സ്ഥാനം നേടി. രാമനാട്ടുകര എഇഎ യുപിഎസിലെ കെ പുഷ്പയും എരവന്നൂർ എഎംഎൽപിഎസിലെ എൻ പി റഷീദയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പങ്കെടുത്തവർക്കെല്ലാം പ്രത്യേക സമ്മാനങ്ങളും നൽകി.
മത്സരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ സമിതി കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, എസ് കെ അബൂബക്കർ, സി ബൈജു, ടി അസീസ്, കെ വി മൃദുല തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..