കോഴിക്കോട്
സൈബർ തട്ടിപ്പ് വഴി നാലുകോടി രൂപ തട്ടിയെടുത്ത കേസിൽ കൂട്ടുപ്രതികളായ രണ്ടു പേർ മധ്യപ്രദേശിൽ പിടിയിലായി. അലോട്ട് സ്വദേശി ഷാഹിദ് ഖാൻ (52), ഉജ്ജയിൻ സ്വദേശി ദിനേഷ് കുമാർ ഫുൽവാനി (48) എന്നിവരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസാണ് പിടികൂടിയത്.
കോഴിക്കോട് സ്വദേശിയിൽനിന്ന് വാട്സ്‌ആപ് വഴി 4,08,80,457 രൂപയാണ് സംഘം തട്ടിയെടുത്തത്. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടെന്നും കുടുംബം കടക്കെണിയിലാണെന്നും പറഞ്ഞാണ് പണം തട്ടിയത്.
വാങ്ങിയെടുത്ത പണം തിരികെ നൽകാൻ പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും കൂടുതൽ പണം തട്ടിയെടുക്കുകയുമായിരുന്നു.
പരാതിക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട മുഖ്യപ്രതി സുനിൽ ദംഗി നേരത്തേ അറസ്റ്റിലായിരുന്നു. തങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറിയ, തട്ടിയെടുത്ത പണം പിൻവലിച്ച് സുനിൽ ദംഗിക്ക് എത്തിച്ചുകൊടുക്കുകയാണ് കൂട്ടുപ്രതികൾ ചെയ്തത്. ഒന്നര കോടിയോളം രൂപയാണ് ഷാഹിദിന്റെയും ദിനേഷിന്റെയും അക്കൗണ്ടിലൂടെ കൈമാറിയത്.
രാജസ്ഥാനിലെ ചിറ്റോർ, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിൻ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി നേരത്തേ അറസ്റ്റിലായ രണ്ടാം പ്രതി ശീതൾ കുമാർ മെഹ്തയുടെ ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..