കോഴിക്കോട്
വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ചെടികൾ, മുഴുവൻ സമയം പുഷ്‌പിക്കുന്നവ. റോസുകൾ, ഓർക്കിഡുകൾ, ആന്തൂറിയം... രണ്ടുലക്ഷത്തിലേറെയുള്ള പൂച്ചെടികളുടെ വിപുലമായ ശേഖരം. സന്ദർശകരുടെ മനസ്സിൽ വർണവസന്തം തീർക്കാനായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഉദ്യാനമഹോത്സവത്തിനായി ഒരുങ്ങി. പത്തുനാൾ സന്ദർശകരുടെ മനസ്സിൽ മായാപ്രപഞ്ചം തീർക്കുന്ന ഗാർഡൻ ഫെസ്‌റ്റിവല്ലിന് 20ന് തുടക്കമാവും.
ജില്ലയിലെയും പുറത്തുമുള്ള സന്ദർശകരെ ലക്ഷ്യമിട്ടുള്ള മലബാർ ഗാർഡൻ ഫെസ്റ്റിവൽ 20 മുതൽ 29 വരെയാണ്. 22ന് വൈകിട്ട് 6.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. ഫെസ്‌റ്റിവലിന്റെ ഭാഗമായി ശിൽപ്പശാലകൾ, ഫോട്ടോ പ്രദർശനം, വിദ്യാർഥികൾക്കുള്ള മത്സരം, ഭക്ഷ്യമേള, പ്രദർശനങ്ങൾ, പ്രശസ്‌ത കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. പ്രധാന ആകർഷണം പുഷ്‌പമേളയാണ്. ലോക പ്രശസ്‌തമായതും പ്രാധാന്യമുള്ളതുമായ വിവിധ പുഷ്പിത–-അപുഷ്പിത സസ്യങ്ങളും പ്രദർശനത്തിനുണ്ടാവും. ഇവ ആവശ്യാനുസരണം വാങ്ങുന്നതിനുള്ള സൗകര്യവുമൊരുക്കും.
ബോട്ടാണിക്കൽ ഗാർഡന്റെ പ്രവേശനകവാടം മുതൽ അവസാന പോയിന്റ്‌വരെ രണ്ടുകിലോമീറ്ററോളം വാക്ക്‌വേയിൽ ഒന്നരലക്ഷത്തോളം പൂച്ചെടികളൊരുക്കും. ഗാർഡനിലുള്ള ചെടികൾക്ക് പുറമേയാണിത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ ഒളവണ്ണയിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ ഒരേസമയം ഗവേഷണത്തിലും ഇക്കോ ടൂറിസത്തിലും ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. പരിസ്ഥിതി സൗഹാർദ അന്തരീക്ഷവും ശാസ്ത്രീയ അറിവുകളും ഉദ്യാനഭംഗിയും പ്രദാനം ചെയ്യുന്നതിനാൽ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ കുറഞ്ഞ ദശകങ്ങൾ കൊണ്ടുതന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗാർഡനുകളുടെ ശ്രേണിയിലേക്ക് ഉയർന്നു.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ഒരുപാട് ഗവേഷകരാണ് ഗാർഡനിലെത്തുന്നത്. "നമ്മുടെ നാട്ടുകാർക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നുനൽകുന്നതിന് മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ പുതിയ ചുവടുവയ്പാണിതെന്ന്’ ഗാർഡൻ ഇൻ ചാർജായ ഡോ. എൻ എസ് പ്രദീപ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..