കോഴിക്കോട്
സൂപ്പർ ലീഗ് കേരളയെ ഖൽബിലേറ്റിയ കോഴിക്കോടിന് വീണ്ടും പന്തുകളിയുടെ ആവേശക്കാഴ്‌ച സമ്മാനിക്കാൻ ഐ ലീഗ് മത്സരങ്ങൾ വരുന്നു. ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയുടെ ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്‌ച പന്തുരുളും. ഡിസംബർ മുതൽ ഏപ്രിൽവരെ സ്റ്റേഡിയം 11 മത്സരങ്ങൾക്ക് വേദിയാകും. രാത്രി ഏഴിനാണ് മത്സരങ്ങൾ. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ ഐസ്വാൾ എഫ്‌സിയാണ് എതിരാളികൾ.
സൂപ്പർ ലീഗിനും സന്തോഷ് ട്രോഫിക്കും വേദിയായതിനുപിന്നാലെ ഐലീഗ് മത്സരങ്ങൾകൂടി എത്തുന്നതിന്റെ ആവേശത്തിലാണ് നഗരം. സൂപ്പർ ലീഗിൽ നിറഞ്ഞുകവിഞ്ഞ ഗ്യാലറികൾ വീണ്ടും നിറയ്‌ക്കാമെന്ന പ്രതീക്ഷയോടെ ടിക്കറ്റ് നിരക്കിലും ഇളവുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്യാലറിക്ക് 50 രൂപയാണ് ടിക്കറ്റ്. വനിതകൾക്ക് പ്രവേശനം സൗജന്യം. കുട്ടികൾക്ക് 30 രൂപ.
സ്‌പാനിഷ് പരിശീലകൻ അന്റോണിയോ റുവേഡയ്‌ക്ക് കീഴിൽ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. മലപ്പുറം പയ്യനാട് സ്‌റ്റേഡിയത്തിലെ പരിശീലനം കഴിഞ്ഞ് ടീം തിങ്കളാഴ്‌ച കോഴിക്കോട്ടെത്തി. രണ്ടുതവണ തുടർച്ചയായി ജേതാക്കളായ ടീം കഴിഞ്ഞ രണ്ടു സീസണിലും മൂന്നാംസ്ഥാനത്തായിരുന്നു. മൂന്നാം ഐ ലീഗ് ട്രോഫിയും ഐഎസ്എൽ പ്രവേശവും ലക്ഷ്യമിട്ട് കൂടുതൽ കരുത്തോടെയാണ് ടീം എത്തുന്നത്. സ്വന്തം തട്ടകത്തിലെ ആദ്യ കളിക്ക് മഴ വില്ലനാകുമോ എന്ന ആശങ്കയുണ്ട്.
ഡിസംബറിലെയും ജനുവരിയിലെയും കോഴിക്കോട്ടെ ഗോകുലത്തിന്റെ കളികളും എതിരാളികളും:
●ഡിസംബർ 3–- ഐസ്വാൾ എഫ്‌സി ● 7–- ചർച്ചിൽ ബ്രദേഴ്‌സ് ● 19–- രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി ●ജനുവരി 17–- നാംഥാരി എഫ്‌സി ● 24–- ഇന്റർ കാശി ● 29–- എസ്‌സി ബംഗളൂരു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..