കുന്നമംഗലം > മൂന്നുമാസം പ്രായമായ കുരുന്നിനെ മാറോടുചേർത്ത് കുത്തിയൊലിച്ചൊഴുകുന്ന പുഴയ്‌ക്ക് മുകളിലൂടെ ജീവൻ പണയംവച്ചൊരു യാത്ര. ദുരന്തഭൂമിയിലെ ആ രംഗം ശ്വാസം അടക്കിപ്പിടിച്ചാണ് ആളുകൾ കണ്ടത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ റോപ്പ് റെസ്ക്യൂവിലൂടെ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാസേനയിലെ നിഖിൽ മല്ലിശേരിയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ചെറുകുളത്തൂർ സ്വദേശിയാണ് വെള്ളിമാട്കുന്ന് യൂണിറ്റിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറായ നിഖിൽ. ഉരുൾപൊട്ടലിനെ തുടർന്ന് റോപ്പ് റെസ്ക്യൂ ടീം എത്തണമെന്ന നിർദേശത്തെ തുടർന്നാണ് ലീവിലായിരുന്ന നിഖിൽ കൽപ്പറ്റയിലെത്തിയത്. ഡോ. ലൗനയാണ് ഒറ്റപ്പെട്ടുപോയ മൂന്നുമാസം പ്രായമായ കുഞ്ഞിനെയും അമ്മയെയും മറുകരയിലെത്തിക്കണമെന്ന് പറഞ്ഞത്. കൈവിറയ്‌ക്കാതെ, കരളുറപ്പോടെ നിഖിൽ ആ രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്റെ 2022-–-23 വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നിഖിലിന് ലഭിച്ചിരുന്നു. മലപ്പുറം കവളപ്പാറ, കോഴിക്കോട് കട്ടിപ്പാറ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ രക്ഷാദൗത്യത്തിലും നിഖിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..