23 December Monday
പാറക്കല്ലുകൾ പതിച്ച് വീട്ടുചുവര്‌ തകർന്നു

കണ്ടാലമലയിൽ മണ്ണിടിച്ചിൽ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കൂറ്റൻ പാറക്കല്ലുകൾ വീണ് വീടിന്റെ ചുവര് തകർന്നനിലയിൽ

കൊടുവള്ളി 
നഗരസഭയിലെ പട്ടിണിക്കര ഡിവിഷനിൽ ഉൾപ്പെട്ട കണ്ടാലമലയുടെ മുകളിൽ താമസിക്കുന്ന ഏഴ് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. കുത്തനെയുള്ള മലക്ക് മുകളിൽനിന്ന് കൂറ്റൻ പാറക്കല്ലുകൾ ഇളകിവീണ് കണ്ടാലമ്മൽ മുഹമ്മദ്–-റാബിയ ദമ്പതികളുടെ വീടിന്റെ ചുവരുകൾ തകർന്നു. പൊതുപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ഏതുനിമിഷവും ഇടിഞ്ഞുവീണേക്കാവുന്ന വീട്ടിൽനിന്ന് നാലംഗ കുടുംബം താമസം മാറി. 
കൊടുവള്ളി പഞ്ചായത്തായിരിക്കെ കണ്ടാലമലയിൽ  പതിച്ചുനൽകിയ നാല് സെന്റ്‌ വീതമുള്ള സ്ഥലത്താണ് ഏഴ് കുടുംബങ്ങൾ വീടുവച്ച് താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന്റെ ചുവരാണ്‌ പാറവീണ് തകർന്നത്. കയറിച്ചെല്ലാൻ വഴിപോലുമില്ലാത്ത കുത്തനെയുള്ള കയറ്റത്തിലെ വീടുകളിൽ എത്തുക സാഹസമാണ്‌. വഴി സൗകര്യമൊരുക്കാൻ ഫണ്ട് അനുവദിക്കണമെന്ന ആവ ശ്യവും അധികൃതർ കേൾക്കുന്നില്ല. റോഡിൽനിന്ന് നൂറ് മീറ്ററിലേറെ അങ്ങിങ്ങായി അടർന്നും ഇളകിയും കിടക്കുന്ന കല്ലുകൾ ചവിട്ടിയാണ് ഈ സ്ഥലത്തിന്റെ അതിരിലേക്ക് എത്തുന്നത്. കുടിവെള്ളം പോലും കിട്ടാക്കനിയായ ഈ കുടുംബങ്ങളുടെ ദൈന്യത നേരത്തെ വാർത്തയായിട്ടുണ്ട്‌. 
കണ്ടാലമലയിൽ പാറക്കല്ലുകൾ ഇളകിവീണ് തകർന്ന വീട് പുനർനിർമിക്കണമെന്നും നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏഴ് കുടുംബങ്ങൾക്ക് ഭീഷണിയായി നിലനിൽക്കുന്ന കൂറ്റൻ പാറക്കല്ലുകൾ നീക്കണമെന്നും നാഷണൽ ലീഗ് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top